രമ്യ ഹരിദാസ് പറഞ്ഞത് കള്ളം; പാളയം പ്രദീപ് എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് അല്ല

തിരുവനന്തപുരം : ചിറഴിൻകീഴിലെ കൈയ്യാങ്കളിയിൽ തനിക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് തന്‍റെ സ്റ്റാഫാണെന്ന വാദം പൊളിഞ്ഞു. എം.എൽ.എയുടെ സ്റ്റാഫിന്‍റെ ഔദ്യോഗിക പട്ടികയിൽ പാളയം പ്രദീപിന്‍റെ പേരില്ല. പ്രദീപ് തന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം രമ്യ ഹരിദാസ് പറഞ്ഞിരുന്നത്.

എം.എൽ.എക്ക് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എന്നൊരു പോസ്റ്റില്ല. ഒരു എം.എൽ.എക്ക് സർക്കാർ അനുവദിക്കുന്നത് മൂന്ന് സ്റ്റാഫുകളെയാണ്. അതിലൊരാൾ സർക്കാർ സർവീസിൽ നിന്നും ഡെപ്യൂട്ടേഷനിലാകും. സർവീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്ന വിമലാണ് എം.എൽ.എയുടെ ഈ സ്റ്റാഫ്. സ്റ്റാഫ് അല്ലാതെ പ്രദീപ് മണ്ഡലത്തിലെ കാര്യങ്ങളിൽ അനാവിശ്യമായി ഇടപെടുന്നു എന്നായിരുന്നു പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പ്രധാന പരാതി. പ്രദീപിനെതിരെ വാട്ട്സ്ആപ്പിൽ പോസ്റ്റിട്ട കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റിനെ എം.എൽ.എ വീട്ടിലെത്തി ചോദ്യം ചെയ്തത് ശരിയായില്ലെന്നും ഇതാണ് തമ്മിലടിയിലേക്ക് നയിച്ചതെന്നുമാണ് നേതൃത്വത്തിന്‍റെ വില‍യിരുത്തൽ.

പ്രദീപിനെതിരെ ശക്തമായ സംഘടനാ നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്തംഗം സജിത്തും മണ്ഡലം വൈസ് പ്രസിഡന്റ് സജാദും അന്വേഷണ കമ്മറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയിട്ടുണ്ട്.

പാർട്ടിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന പ്രദീപിനെ ഒഴിവാക്കി എം.എൽ.എ രമ്യ ഹരിദാസിന് മണ്ഡലത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് നേതാക്കളുടെ പ്രധാന ആവശ്യം. അതേസമയം, നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. കയ്യാങ്കളി സംഭവത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും തങ്ങൾക്കെതിരെ സംഘടനാ നടപടി ഉണ്ടാകരുതെന്നും കമ്മറ്റിയെ അറിയിച്ച നേതാക്കൾ, സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരുവിഭാഗത്തിന്റെയും വിശദീകരണം കേൾക്കുന്ന അന്വേഷണ കമ്മറ്റി സമഗ്രമായ അന്തിമ റിപ്പോർട്ട് ഉടൻ തന്നെ കെ.പി.സി.സിക്ക് കൈമാറും. റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിലായിരിക്കും കോൺഗ്രസ് നേതൃത്വത്തിന്റെ തുടർനടപടികൾ.