ഇന്ത്യൻ താരത്തോട് മോശമായി പെരുമാറി; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് പിഴ ചുമത്തി ഐസിസി

ദുബായ് : വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിടെ അനുചിതമായി പെരുമാറിയ പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സനയ്‌ക്കെതിരെ ഐസിസിയുടെ (അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ) അച്ചടക്ക നടപടി. മത്സരഫീസിന്റെ 10 ശതമാനം പിഴ ചുമത്തിയതിനൊപ്പം താരത്തിന്റെ അച്ചടക്ക റെക്കോർഡിൽ ഒരു ഡീമെറിറ്റ് പോയിന്റും കൂട്ടിച്ചേർത്തു. ഇന്ത്യയോട് ഏഴ് വിക്കറ്റിന്റെ തോൽവി വഴങ്ങിയ മത്സരത്തിലാണ് സംഭവം.

ഇന്ത്യൻ ഓപ്പണർ ഷെഫാലി വർമ്മയെ (6 പന്തിൽ 12 റൺസ്) കോട്ട് ആൻഡ് ബൗൾഡാക്കി പുറത്താക്കിയ ശേഷമായിരുന്നു ഫാത്തിമ സനയുടെ വിവാദ പെരുമാറ്റം. ഷെഫാലിയെ പുറത്താക്കിയ ശേഷം പവലിയനിലേക്ക് തിരികെ പോകാൻ ആംഗ്യം കാണിച്ചതാണ് പാക് നായികയ്ക്ക് വിനയായത്. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 ലംഘിച്ചതായി സന കുറ്റം സമ്മതിച്ചു. ഔട്ടായ താരത്തെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള വാക്കോ പ്രവൃത്തിയോ ആംഗ്യമോ കാണിക്കുന്നതിനെതിരെയുള്ളതാണ് ലെവൽ-1 വിഭാഗത്തിൽപെടുന്ന ഈ ചട്ടം. കഴിഞ്ഞ 24 മാസത്തിനിടെ ഫാത്തിമ സന വരുത്തുന്ന രണ്ടാമത്തെ വീഴ്ചയാണിത്. 2025 ഓഗസ്റ്റിൽ അയർലൻഡിനെതിരായ ട്വന്റി20 മത്സരത്തിലായിരുന്നു ആദ്യ സംഭവം.

മത്സരത്തിൽ ഏഴ് വിക്കറ്റിന് പാകിസ്താനെ തകർത്ത ഇന്ത്യ ടൂർണമെന്റിലെ അപരാജിത കുതിപ്പ് തുടരുകയാണ്. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റോടെ ഇന്ത്യ സെമി ഫൈനലിൽ കടന്നു. അതേസമയം, തിങ്കളാഴ്ച ഹോങ്കോങ്ങിനെതിരെ നടക്കുന്ന മത്സരത്തിൽ വിജയം നേടാനുള്ള തീവ്രശ്രമത്തിലാണ് പാകിസ്താൻ.

ഏഷ്യാ കപ്പ് ചരിത്രത്തിൽ ഏഴ് തവണ ചാമ്പ്യന്മാരായ ഇന്ത്യയാണ് നിലവിലെ ഏകദിനത്തിലെ ലോക ചാമ്പ്യന്മാർ. 2022-ലാണ് ഇന്ത്യ അവസാനമായി ഏഷ്യാ കപ്പ് നേടിയത്. എന്നാൽ ഇതുവരെ ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിടാൻ സാധിക്കാത്ത പാകിസ്താൻ, 2012-ലും 2016-ലും ഇന്ത്യയോട് തോറ്റ് റണ്ണേഴ്സ് അപ്പായിരുന്നു. 2024 ഒക്ടോബറിൽ, 22-ാം വയസ്സിൽ പാകിസ്താൻ വനിതാ ടീമിന്റെ നായികയായ ഫാത്തിമ സന ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്.