‘ആയുധമേതാണെന്ന് വ്യക്തമല്ല, ശരീരത്തിൽ നിരവധി മുറിവുകൾ…’ കോഴിക്കോട് പാളയത്തെ യുവാവിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്

 

കോഴിക്കോട്: പാളയത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്നും ആയുധമേതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ എ.പി ഷൗക്കത്തലി അറിയിച്ചു. ഇന്ന് പുലർച്ചെയാണ് പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.

‘ഏതോ മാരകായുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. അതേതാണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ചില സൂചനകളെല്ലാം ലഭിച്ചിട്ടുണ്ട്. കൊലപാതകമാണെന്ന തരത്തിലുള്ള കുടുംബത്തിന്‍റെ സംശയങ്ങളും പരിശോധിച്ചുവരികയാണ്. നഗരമധ്യത്തിൽ നടന്ന കൊലപാതകമായതിനാൽ തന്നെ ലഭ്യമായ സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. ലഹരിയടക്കമുള്ള പ്രശ്നങ്ങൾ പ്രദേശത്തുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ട് അന്വേഷണം നടത്തും.’ ഷൗക്കത്തലി വ്യക്തമാക്കി.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടു കൂടിയാണ് കോഴിക്കോട് പാളയം മാർക്കറ്റിന് സമീപമുള്ള പുതിയ കോവിലകം പറമ്പ് പ്രദേശത്ത് ബിജുവിനെ വീട്ടിനുള്ളിൽ ചോര വാർന്ന നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷീരകർഷകനായ ബിജു പുലർച്ചെ എഴുന്നേറ്റ് പശുവിന്റെ കാര്യങ്ങൾ നോക്കാറുള്ളതാണ്. പുലർച്ചെ മൂന്ന് മണിക്ക് ഫാമിൽ പോകാനായി വിളിക്കാൻ തൊട്ടടുത്ത് താമസിക്കുന്ന അമ്മ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. പുറത്തുനിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു വീടിന്റെ വാതിൽ. വാതിൽ തുറന്ന് ലൈറ്റ് ഇട്ടു നോക്കിയപ്പോഴാണ് കഴുത്തിനും വയറിനും മുറിവേറ്റ് രക്തം വാർന്ന നിലയിൽ ബിജുവിനെ കണ്ടെത്തിയത്. മൃതദേഹം കിടന്ന മുറിയിലെ ചുവരുകളിലടക്കം ചോരപ്പാടുകൾ ഉണ്ടായിരുന്നു.

എന്തോ ആയുധം ഉപയോഗിച്ച് ബിജുവിനെ ആരോ ആക്രമിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ പ്രദേശത്ത് ലഹരി മാഫിയ സംഘങ്ങൾ വലിയ ഭീഷണി ഉയർത്തുന്നുണ്ടെന്നും, ഇത്തരക്കാരുമായി ബിജു മുൻപ് പലതവണ വാക്കേറ്റത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *