ഉച്ചഭക്ഷണം പ്ലസ് ടു വരെയാക്കും; പ്രഭാതഭക്ഷണം ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി

തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും പ്രഭാതഭക്ഷണംകൂടി ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർമാരുടെയും പ്രോഗ്രാം ഓഫീസർമാരുടെയും സംസ്ഥാനതല ഓറിയന്റേഷൻ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പി.എം പോഷൺ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ഹയർ സെക്കൻഡറി തലത്തിലേക്ക് വിപുലീകരിക്കുന്നതിലൂടെ മുഴുവൻ സ്കൂൾ കുട്ടികൾക്കും പോഷകാഹാരം ഉറപ്പാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.ടെറ്റ് സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. അതിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് അധ്യാപകർക്കുണ്ടായ ആശയക്കുഴപ്പങ്ങൾക്ക് വ്യക്തത വരുത്താനായി സർക്കാർ സുപ്രീം കോടതിയിൽ ക്യൂറേറ്റീവ് പെറ്റിഷൻ നൽകുമെന്നും മന്ത്രി അറിയിച്ചു.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ‘പി.എം പോഷൺ’ അടിസ്ഥാനമാക്കി ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കും ഉച്ചഭക്ഷണം നൽകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയിരുന്നു. കഴിഞ്ഞ മാസം ഡൽഹിയിൽ ചേർന്ന യോഗത്തിൽ കേരളം ഇതിന് പൂർണ സമ്മതം അറിയിച്ചു. ഭക്ഷണം പൗരന്റെ അടിസ്ഥാന അവകാശമാണെന്നും ക്ഷേമരാഷ്ട്രത്തിൽ അത് സംരക്ഷിക്കപ്പെടണമെന്നും അന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.