'കറന്റ് എപ്പോൾ വരും? അതറിയാൻ മന്ത്രിയെ വിളിച്ചോളൂ'; പരാതിക്കാരന് മന്ത്രിയുടെ നമ്പർ നൽകി കെ.എസ്.ഇ.ബി ജീവനക്കാരൻ, അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടർന്ന് കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിച്ച ഉപഭോക്താവിന് വൈദ്യുതി മന്ത്രിയുടെ നമ്പർ നൽകി ഉദ്യോഗസ്ഥന്റെ വിചിത്ര നടപടി. കറന്റ് എപ്പോൾ വരുമെന്ന് അറിയാൻ മന്ത്രിയെ വിളിച്ചാൽ മതിയെന്ന മറുപടിയാണ് ജീവനക്കാരൻ നൽകിയത്. മന്ത്രി സണ്ണി ജോസഫ് തന്നെയാണ് വാർത്താസമ്മേളനത്തിൽ സംഭവം വെളിപ്പെടുത്തിയത്.നമ്പർ നൽകിയ ജീവനക്കാരനെതിരെ അന്വേഷണം നടത്താൻ കെ.എസ്.ഇ.ബി ബോർഡ് ചെയർമാനെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് രൂക്ഷമായ ഊർജ പ്രതിസന്ധിയാണുള്ളതെന്നും പവർകട്ട് ഏർപ്പെടുത്തേണ്ട നിർബന്ധിത സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച അദ്ദേഹം, നാളെ മുതൽ ഫീഡർ തലത്തിൽ വൈദ്യുതി നിയന്ത്രണത്തിന്റെ ഏകദേശ സമയം ജനങ്ങളെ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നിലവിൽ വരുമെന്നും കൂട്ടിച്ചേർത്തു.

ദേശീയ തലത്തിലുള്ള ഊർജ പ്രതിസന്ധി കേരളത്തെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇതിൽ കെ.എസ്.ഇ.ബിയെ കുറ്റപ്പെടുത്താനാകില്ലെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങൾ 86 ശതമാനം വൈദ്യുതിയും സ്വയം ഉൽപ്പാദിപ്പിക്കുമ്പോൾ, കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം കേവലം 25 ശതമാനം മാത്രമാണ്.

ഗ്രിഡ് കൺട്രോൾ ബോർഡിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 700 മെഗാവാട്ടിന്റെ കുറവാണുള്ളത്. കഴിഞ്ഞ ദിവസം 5200 മെഗാവാട്ടായിരുന്നു കേരളത്തിന്റെ വൈദ്യുതി ഉപയോഗം. ജൂലൈയിൽ സംസ്ഥാനത്ത് ലഭിക്കേണ്ട മഴ ലഭിക്കാത്തതാണ് പ്രധാന തിരിച്ചടിയായത്. ഇതിനുപുറമെ രാത്രി 12 മണിക്ക് ശേഷവും സംസ്ഥാനത്ത് ഉയർന്ന വൈദ്യുതി ഉപയോഗമാണ് രേഖപ്പെടുത്തുന്നത്. അതിനാൽ പ്രതിസന്ധി മറികടക്കാൻ ജനങ്ങളുടെ പൂർണ സഹകരണം സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

സെപ്റ്റംബർ 30 വരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്നാണ് കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം മാധ്യമങ്ങളോട് പ്രതികരിച്ചത്. നിലവിൽ സോളാർ വൈദ്യുതി സംഭരിക്കാനുള്ള പര്യാപ്തമായ സംവിധാനങ്ങൾ സംസ്ഥാനത്തില്ല എന്നത് ഒരു പോരായ്മയാണ്. എന്നാൽ, ഒക്ടോബർ അവസാനത്തോടെ കാസർകോട്, അരീക്കോട് എന്നിവിടങ്ങളിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) പ്രവർത്തനസജ്ജമാകും. പുറത്തുനിന്നും വൈദ്യുതി കിട്ടാനുള്ള എല്ലാ സാധ്യതകളും സർക്കാർ പരിശോധിച്ചുവരികയാണെന്നും നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ സർക്കാരിന്റെ പ്രയാസം മനസ്സിലാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.