ജോട്ടയുടെ പേര് വിളിച്ച് പ്രകോപനം; അൽ താവൂനിന് കനത്ത പിഴ, രണ്ട് ഹോം മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തണം

റിയാദ്: സൗദി പ്രോ ലീഗിൽ അൽ ഹിലാലിനെതിരെയുള്ള മത്സരത്തിൽ അന്തരിച്ച പോർച്ചുഗൽ ഫുട്ബാളർ ഡിയോഗോ ജോട്ടയുടെ പേര് വിളിച്ച് ആരാധകർ പ്രകോപിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അൽ താവൂനിനെതിരെ നടപടിയെടുത്ത് സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ (എസ്.എ.എഫ്.എഫ്). ക്ലബിന്റെ അടുത്ത രണ്ട് ഹോം മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനും 100000 റിയാൽ ($26640) പിഴ അടക്കാനും എസ്.എ.എഫ്.എഫ് ഡിസിപ്ലിൻ ആൻഡ് എത്തിക്സ് കമ്മിറ്റി ഉത്തരവിട്ടു.

കഴിഞ്ഞ ശനിയാഴ്ച ബുറൈദയിൽ നടന്ന അൽ താവൂൻ – അൽ ഹിലാൽ മത്സരത്തിനിടെയാണ് ഒരു കൂട്ടം ആരാധകർ നെവസിനെ അടുത്ത സുഹൃത്തായിരുന്ന ജോട്ടയുടെ പേര് ആർപ്പുവിളിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. സംഭവം നടന്ന മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ക്ലബിനെതിരെ എസ്.എ.എഫ്.എഫിന്റെ നടപടി.

നേരത്തെ, സംഭവത്തിൽ അൽ ഹിലാൽ ക്ലബ് എസ്.എ.എഫ്.എഫിന് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. കളിക്കാരെയോ അവരുടെ കുടുംബങ്ങളെയോ ലക്ഷ്യം വെച്ചുള്ള ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങളെ അംഗീകരിക്കില്ലെന്ന് ക്ലബ് വ്യക്തമാക്കി. മോശം മുദ്രാവാക്യങ്ങളെ അൽ താവൂൻ ക്ലബും അപലപിച്ചിരുന്നു. തങ്ങളുടെ ക്ലബിന്റെയോ ആരാധകരുടെയോ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നതല്ല ഈ പ്രവർത്തിയെന്നായിരുന്നു ടീമിന്റെ പ്രതികരണം.

2025 ജൂലൈ മൂന്നിന് സ്പെയിനിലെ സമോറയിലുണ്ടായ വാഹനാപകടത്തിലാണ് ഡിയോഗോ ജോട്ടയും സഹോദരൻ ആന്ദ്രെ സിൽവയും കൊല്ലപ്പെട്ടത്. നെവസ് ജോട്ടയുടെ സംസ്കാര ചടങ്ങുകളിൽ ശവമഞ്ചം ചുമക്കാൻ മുൻനിരയിലുണ്ടായിരുന്നു. ഈ വൈകാരിക ബന്ധം മുതലെടുത്താണ് അൽ താവൂൻ ആരാധകർ ഗാലറിയിൽ നിന്ന് ‘ജോട്ട’ എന്ന് ആർത്തുവിളിച്ചത്. സമൂഹമാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഗാലറിയിൽ നിന്നുള്ള വിളികൾ ശ്രദ്ധയിൽപ്പെട്ട നെവസ്, തന്റെ കണ്ണിലേക്കും തുടർന്ന് ആകാശത്തേക്കും വിരൽ ചൂണ്ടിയാണ് പ്രതികരിച്ചത്. “ഇതിന് ശേഷം അവർ പ്രാർഥിക്കാൻ പോകില്ലെന്ന് ഞാൻ കരുതുന്നു” എന്ന് മത്സരം ശേഷം താരം പറഞ്ഞിരുന്നു. മത്സരത്തിൽ നെവസിന്റെ ടീമായ അൽ ഹിലാൽ എതിരില്ലാത്ത ആറ് ഗോളുകൾക്ക് വിജയിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ ഇത്തരം ആരാധകരെ ഫുട്ബാൾ സ്റ്റേഡിയങ്ങളിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്തുവന്നിരുന്നു. “ലീഗ് അധികൃതർ ഇതിനെതിരെ കർശന നടപടിയെടുക്കുകയും ഇത്തരം ആരാധകരെ ശിക്ഷിക്കുകയും വേണം. ഇത് ഫുട്ബാളല്ല, എല്ലാത്തിനും ഒരു പരിധിയുണ്ട്. ഇത്തരം പെരുമാറ്റം നടത്തുന്നവരെ ഇനിയൊരിക്കലും സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവദിക്കരുത്,” റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.