ഒരുകാലത്ത് പൊലീസിൽ നായക പരിവേഷം; ഒടുവിൽ നാണക്കേടിന്റെ തടവറ

കോട്ടയം: സിവിൽ സർവിസിന്‍റെ തുടക്കത്തിൽ തിളക്കമാർന്ന പ്രതിഛായ സ്വന്തമാക്കിയ തച്ചങ്കരി, പൊലീസ് മേധാവിയുടേതൊഴികെ എല്ലാ ഉന്നത പദവികളും വഹിച്ചശേഷമാണ് 2023 ജൂലൈ 31നു വിരമിച്ചത്. എന്നാൽ, അനധികൃത സ്വത്ത് സമ്പാദന കേസിൽ നാലുവർഷം തടവിവ് ശിക്ഷിക്കപ്പെട്ടതോടെ, അഴിമതി കേസിൽ ജയിലിലാവുന്ന ആദ്യ ഡി.ജി.പി എന്ന നാണക്കേടിനും അർഹനായിരിക്കുകയാണ് ഒരുകാലത്ത് പൊലീസിൽ നായക പരിവേഷമുണ്ടായിരുന്ന ടോമിൻ തച്ചങ്കരി.

സംഗീതജ്ഞനായും പേരെടുത്ത അദ്ദേഹം കൊച്ചിയിൽ സ്ഥാപിച്ച റയാൻ സ്റ്റുഡിയോ പിന്നീട് വിവാദങ്ങളുടെ കേന്ദ്രമായി. ക്രിസ്തീയ ഭക്തിഗാനശാഖയിൽ നിരവധി അവിസ്മരണീയ ഗാനങ്ങൾക്ക് അദ്ദേഹം ഈണമിട്ടിട്ടുണ്ട്. ‘രക്ഷകാ എന്‍റെ പാപഭാരമെല്ലാം’, ‘ഒരിക്കൽ യേശുനാഥൻ’, ‘കാൽവരിക്കുന്നിലെ’, ‘അത്യുന്നതങ്ങളിൽ’, ‘പോകുന്നേ ഞാനും എൻ ഗൃഹം തേടി’ തുടങ്ങിയ ഗാനങ്ങൾ അവയിൽ ചിലതുമാത്രം.

ജയിലിൽ പോകുന്ന ആദ്യ ഉന്നത ഉദ്യോഗസ്ഥനല്ല തച്ചങ്കരി. നേരത്തെ നക്സൽ വർഗീസ് വധക്കേസിൽ ഐ.ജി ലക്ഷ്മണയെ സി.ബി.ഐ കോടതി ശിക്ഷിച്ചിട്ടുണ്ട്. പക്ഷേ, അത് അഴിമതി കേസായിരുന്നില്ല. മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായരെ വിജിലൻസ് കോടതി ശിക്ഷിച്ചെങ്കിലും ഹൈകോടതി വെറുതെവിട്ടു. സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണ്‌ ടോമിൻ തച്ചങ്കരിയെന്നും അതുകൊണ്ട് ശിക്ഷ ഇളവ് അർഹിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോട്ടയം വിജിലൻസ്​ കോടതി ജഡ്ജി കെ.വി. രജനീഷ്​ ശിക്ഷ വിധിച്ചത്.

അനധികൃത സ്വത്ത്​ സമ്പാദന കേസിൽ നാലുവർഷം തടവിനും 30.84 ലക്ഷം രൂപ പിഴയടക്കാനുമാണ് ശിക്ഷ. കോടതി വിധിയെ തുടർന്ന് തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റി. ഹൈകോടതിയിൽ അപ്പീൽ നൽകാൻ 30 ദിവസ സമയപരിധി അനുവദിച്ചിട്ടുണ്ട്​.

തച്ചങ്കരിക്ക്​ വരുമാന സ്രോതസ്സുകളേക്കാൾ 64 ലക്ഷം രൂപയുടെ അധിക സ്വത്തുള്ളതായി കണ്ടെത്തിയാണ്​ വിജിലൻസ്​ കുറ്റപത്രം സമർപ്പിച്ചത്​. ബോബി കുരുവിളയുടെ പരാതിയിലായിരുന്നു അന്വേഷണം. വെളിപ്പെടുത്തിയ വരുമാനമാർഗങ്ങളേക്കാൾ 135 ശതമാനം കൂടുതലായിരുന്നു ഇത്​. അധിക വരുമാനത്തിന്​ തൃപ്തികരമായ വിശദീകരണമോ തെളിവോ നൽകാൻ തച്ചങ്കരിക്ക്​ സാധിച്ചില്ലെന്ന്​ പ്രോസിക്യൂഷൻ പറഞ്ഞു.

തച്ചങ്കരിക്ക്​ ഡെപ്യൂട്ടി ഇൻസ്​പെക്ടർ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴാണ്​ വിജിലൻസ്​ അന്വേഷണം ആരംഭിച്ചത്​. 2023 ജൂലൈ 31നാണ്​ അദ്ദേഹം സർവിസിൽനിന്ന് വിരമിച്ചത്​. ഭൂമി വാങ്ങിയപ്പോൾ മതിയായ സ്റ്റാമ്പ്​ ഡ്യൂട്ടി അടക്കാതെ സർക്കാറിന് നഷ്ടം വരുത്തിയെന്നും വിജിലൻസ്​ റിപ്പോർട്ടിൽ വ്യക്​തമാക്കിയിരുന്നു. 2013ൽ തൃശൂർ വിജിലൻസ്​ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസ്​ പിന്നീട്​ മൂവാറ്റുപുഴ വിജിലൻസ്​ കോടതിയിലേക്കും തുടർന്ന് കോട്ടയം കോടതിയിലേക്കും മാറ്റുകയായിരുന്നു. കേസിൽ തുടര​ന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹരജി ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു.

മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബസ്വത്താണെന്നും കേസിൽനിന്ന്​ ഒഴിവാക്കണമെന്നും കാണിച്ച്​ തച്ചങ്കരി സമർപ്പിച്ച ഹരജി വിജിലൻസ്​ കോടതിയും തള്ളിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ്​ പബ്ലിക്​ പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത്​ ഹാജരായി.

ഗുരുതര കുറ്റമാണ് തച്ചങ്കരി ചെയ്തതെന്നും തുടർ നടപടികൾ വിജിലൻസ്​ ഡയറക്​ടറുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. മുൻ ആഭ്യന്തര വകുപ്പ്​ ജോയിന്‍റ്​ സെക്രട്ടറിയടക്കം 96 പേരാണ്​ പ്രോസിക്യൂഷൻ സാക്ഷികൾ. മുൻ അഡീഷനൽ ചീഫ്​ സെക്രട്ടറി, മുൻ എ.ഡി.ജി.പി, ആദായനികുതി ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി അടക്കം 23 പേരെ പ്രതിഭാഗം സാക്ഷികളായും വിസ്തരിച്ചു.