കാലിഫോർണിയയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

അഞ്ജന, ആൻമേരി മാത്യു
മണ്ണുത്തി: യു.എസിലെ കാലിഫോര്‍ണിയയില്‍ സുഹൃത്തായ യുവതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ മുടിക്കോട് തെക്കൂട്ട് ഹരിദാസിന്റെയും സുഷമയുടെയും മകള്‍ അഞ്ജനയുടെയും തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ ആൻമേരി മാത്യുവിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച രാവിലെ എട്ടോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് ബന്ധുക്കൾക്ക് കൈമാറും. അഞ്ജനയുടെ മൃതദേഹം മുടിക്കോടുള്ള വസതിയിൽ കൊണ്ടുവരും. വൈകീട്ട് അഞ്ചിന് സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും. വിലങ്ങന്നൂര്‍ സ്വദേശി വിജീഷ് ആണ് അഞ്ജനയുടെ ഭര്‍ത്താവ്.
ആൻ മേരിയുടെ സംസ്‌കാരം ഭർത്താവ് കോട്ടയം കുറിച്ചി പള്ളത്തറ ജേക്കബിന്റെ ഇടവകയായ പള്ളം ബുക്കാന സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയിൽ ചൊവ്വാഴ്ച നടക്കും. ആഗസ്റ്റ് 28നാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കാലിഫോര്‍ണിയയിലെ ഡിക്‌സണ്‍ ലാന്‍ഡിങ്ങ് റോഡിലെ മില്‍ക്രീക്ക് അപ്പാര്‍ട്ട്‌മെന്റിനുള്ളിൽ ആൻ മേരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയും അഞ്ജനയെ പാർക്കിങ് ഏരിയയിലേക്ക് വിളിച്ചുവരുത്തി എസ്.യു.വി കാറിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്ത് കോട്ടയം സ്വദേശിനി അനിലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനിലക്ക് ഉണ്ടായ തൊഴിൽപരമായ പ്രശ്നങ്ങളും മാനസിക വിഷമങ്ങളുമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന തരത്തിൽ സൂചനകളുണ്ടെങ്കിലും കൃത്യമായ കാരണം അന്വേഷിച്ചുവരികയാണ്.
