മഴയില്ലാമഴക്കാലം; വയനാട്ടിൽ വെയിലും ചൂടും കനക്കുന്നു, നെൽകൃഷി കരിഞ്ഞുണങ്ങുന്നു

പനമരം: മഴയില്ലാമഴക്കാലത്ത് വയനാട്ടിൽ വെയില് കനക്കുന്നു. പൊള്ളുന്ന ചൂടാണ് നാട്ടിൽ. രാത്രി ഫാനില്ലാതെ ഉറങ്ങാൻ വയ്യ. വയലേലകൾ വറ്റിവരണ്ട സ്ഥിതിയാണ്. മഴ തിമർത്തുപെയ്യേണ്ട ആഗസ്റ്റ് മാസത്തിൽ കനത്ത വെയിലായിരുന്നു. സെപ്റ്റംബറിലും ഇതാണ് സ്ഥിതി. നെൽകൃഷി ചെയ്ത വയലുകളിൽ വെള്ളമില്ലാതെ കർഷകർ നെട്ടോട്ടത്തിലാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ വയലുകൾ ഉള്ള പ്രദേശമാണ് പനമരം.
കബനി പുഴയുടെ ഇരുകരകളും വയലുകളാണ്. നെൽകൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് പ്രദേശവാസികൾ. സ്വന്തമായി ഭൂമി ഇല്ലാത്തവർ ഏക്കർ കണക്കിന് പാടം പാട്ടത്തിന് ഏറ്റെടുത്താണ് നെൽകൃഷി ചെയ്യുന്നത്. ഇത്തവണ കാലവർഷം ചതിച്ചു. നല്ല മഴ പെയ്യേണ്ട സമയത്ത കടുത്ത വെയിലും ചൂടുമാണ്. ഇതോടെ പറിച്ചുനട്ട നെല്ല് വാടാൻ തുടങ്ങി. കരയോട് അടുത്ത വയലുകൾ വെള്ളമില്ലാതെ വിണ്ട് കീറി. ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയുമാണ് മിക്ക ആളുകളും കൃഷിചെയ്യുന്നത്.
മഴയില്ലാതെ വയലുകൾ വറ്റിവരളുന്നത് കർഷകരുടെ സാമ്പത്തിക തകർച്ചക്ക് കാരണമായിട്ടുണ്ട്. വിളനാശം കാരണം കർഷകർ വലിയ കടക്കെണിയിലാവുകയും കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയും ചെയ്യുകയാണ്. ഏറെകാലമായി കാലാവസ്ഥ വ്യതിയാനം മൂലം നെൽകൃഷിക്ക് നഷ്ടത്തിന്റെ കണക്കുകളാണ് പറയാനുള്ളത്. ചില വർഷങ്ങളിലാകട്ടെ അതിവർഷം കാരണം വെള്ളപ്പൊക്കത്തിൽ കൃഷി നശിക്കുകയും ചെയ്യുന്നു.
നഷ്ടമായതോടെ പലരും ഈ രംഗത്തുനിന്ന് മാറി നിൽക്കുമ്പോൾ നെൽകൃഷി ആവേശമുള്ള കുറച്ച് ആളുകൾ ആണ് കൃഷി നിലനിർത്തുന്നത്. മഴയില്ലാതെ കൃഷിനാശം സംഭവിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകി കർഷകരെ കടക്കണിയിൽ നിന്ന് രക്ഷിക്കണമെന്നാണ് പരക്കുനി പാടശേഖര നെൽകൃഷി കൂട്ടായ്മയടക്കമുള്ളവർ ആവശ്യപ്പെടുന്നത്.
