18 പന്തിൽ ഫിഫ്റ്റി, 36 പന്തിൽ സെഞ്ച്വറി, 68 പന്തിൽ 181; തീയായി പ്രിയാൻഷ് ആര്യ

ഇൻഡോർ: ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോഡ് ഇനി പ്രിയാൻഷ് ആര്യക്ക് സ്വന്തം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടിനെതിരെ 68 പന്തിൽ 181 റൺസ് അടിച്ചുകൂട്ടിയാണ് ഡൽഹി നായകൻ കെ.എൽ. രാഹുലിന്റെ റെക്കോഡ് മറികടന്നത്. 19 സിക്സറുകളും ഏഴ് ഫോറുകളും ഉൾപ്പെട്ട ഇന്നിങ്സോടെ ട്വന്റി20 ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന വ്യക്തിഗത സ്കോറുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുമെത്തി താരം.
ഈ വർഷത്തെ ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിനായി 67 പന്തിൽ പുറത്താകാതെ 152 റൺസ് നേടിയ കെ.എൽ. രാഹുലിന്റെ പേരിലായിരുന്നു ഇന്ത്യൻ റെക്കോഡ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 2024ൽ മേഘാലയക്കെതിരെ ഹൈദരാബാദിനായി തിലക് വർമ നേടിയ 151 റൺസിന്റെ റെക്കോഡും പ്രിയാൻഷ് മറികടന്നു.
ഇൻഡോറിലെ ഡാലി കോളജ് ഗ്രൗണ്ടിൽ ടോസ് നേടിയ തമിഴ്നാട് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ ആക്രമിച്ചുകളിച്ച പ്രിയാൻഷ് തമിഴ്നാട് ബൗളർമാർക്ക് ഒരവസരവും നൽകിയില്ല. നാലാം ഓവറിൽ ആർ. സിലമ്പരസനെതിരെ 22 റൺസ് അടിച്ചെടുത്ത താരം തൊട്ടടുത്ത ഓവറിൽ സായ് കിഷോറിനെതിരെയും 22 റൺസ് നേടി. വെറും 18 പന്തിലായിരുന്നു അർധ സെഞ്ച്വറി. പത്താം ഓവറിൽ 36 പന്തിൽ സെഞ്ച്വറിയും 17ാം ഓവറിൽ 60 പന്തിൽ 150 റൺസും പിന്നിട്ടു. ഒടുവിൽ 19ാം ഓവറിൽ മണിമാരൻ സിദ്ധാർഥാണ് പ്രിയാൻഷിനെ പുറത്താക്കിയത്.
ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന ന്യൂസിലൻഡ് ബാറ്റർ ഫിൻ അലന്റെ ലോക റെക്കോഡിനൊപ്പവും പ്രിയാൻഷെത്തി. കഴിഞ്ഞ വർഷം മേജർ ലീഗ് ക്രിക്കറ്റിൽ വാഷിങ്ടൺ ഫ്രീഡത്തിനെതിരെ സാൻ ഫ്രാൻസിസ്കോ യൂനികോൺസിനായി 51 പന്തിൽ 151 റൺസ് നേടിയ അലൻ 19 സിക്സറുകൾ പറത്തിയിരുന്നു.
ദക്ഷിണാഫ്രിക്കൻ താരം ലുവാൻ ഡ്രെ പ്രിട്ടോറിയസിന്റെ പേരിലാണ് ട്വന്റി20യിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. കഴിഞ്ഞ മാസം സി.എസ്.എ പ്രോ20 കപ്പിൽ നൈറ്റ്സിനെതിരെ ടൈറ്റൻസിനായി 79 പന്തിൽ പുറത്താകാതെ 188 റൺസാണ് താരം നേടിയത്. ക്രിസ് ഗെയ്ലിന്റെ 175 റൺസെന്ന 13 വർഷം പഴക്കമുള്ള റെക്കോഡാണ് അന്ന് പ്രിട്ടോറിയസ് തകർത്തത്. ഇപ്പോൾ ഗെയ്ലിനെയും മറികടന്നിരിക്കുകയാണ് പ്രിയാൻഷ്.
പ്രിയാൻഷിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിൽ ഡൽഹി നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് നേടി. 22 പന്തിൽ പുറത്താകാതെ 29 റൺസ് നേടിയ അനുജ് റാവത്താണ് ഡൽഹി നിരയിലെ രണ്ടാമത്തെ ഉയർന്ന സ്കോറർ. സയ്യിദ് മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോറുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനം പങ്കിടുന്നതാണ് ഡൽഹിയുടെ ഇന്നിങ്സ്. ബറോഡയുടെ 349/5, പഞ്ചാബിന്റെ 310/5 എന്നിവയാണ് മുന്നിലുള്ളത്.
നടപ്പ് സീസണിലെ റൺവേട്ടയിലും പ്രിയാൻഷാണ് ഒന്നാമത്. ആറ് ഇന്നിങ്സുകളിൽനിന്ന് ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയുമടക്കം 362 റൺസാണ് താരം നേടിയത്. 60.33 ശരാശരിയിലും 204.51 സ്ട്രൈക്ക് റേറ്റിലുമാണ് ഈ നേട്ടം. അടുത്ത ഐ.പി.എൽ സീസണിലും പഞ്ചാബ് കിങ്സിനായാണ് പ്രിയാൻഷ് കളിക്കുക.
