‘വിശാലമനസ്കരായ സ്പോൺസർമാരോട് ബി.പി.എൽ കുടുംബങ്ങൾക്ക് ഇൻവെർട്ടർ വാങ്ങി നൽകാൻ പറയണം’ മന്ത്രിമാരുടെ യാത്രാ വിവാദത്തിൽ ചിന്താ ജെറോം

തിരുവനന്തപുരം: കേരളത്തിലെ യു.ഡി.എഫ് സർക്കാർ ദുരൂഹത നിറഞ്ഞതും സാധാരണക്കാരായ ജനങ്ങളെ അധിക്ഷേപിക്കുന്നതുമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. മന്ത്രിമാർക്ക് യാത്ര സ്​പോൺസർ ചെയ്യുന്ന വിശാലമനസ്കരായ സ്പോൺസർമാർ ഒപ്പമുണ്ടെങ്കിൽ അവരെ കൊണ്ട് ബി.പി.എൽ കുടുംബങ്ങൾക്ക് ഇൻവെർട്ടറുകൾ നൽകാൻ സർക്കാരും മന്ത്രിമാരും തയ്യാറാകണമെന്നും ചിന്ത ജെറോം ആവശ്യപ്പെട്ടു.

‘മൊത്തത്തിൽ ദുരൂഹത നിറഞ്ഞ ഗവൺമെന്റ് ആയി കേരളത്തിലെ യുഡിഎഫ് ഗവൺമെന്റ് മാറിയിരിക്കുകയാണ്. ഒരു മന്ത്രിയുടെ യാത്ര ആഡംബരക്കാറിൽ, ആ ആഡംബരക്കാർ നൽകിയിരിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്ത്. യുഡിഎഫ് ഗവൺമെന്റിനെ അധികാരത്തിൽ എത്തിച്ച വളരെ സാധാരണക്കാരായ ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന രീതിയിലുള്ള സമീപനമാണ് മന്ത്രിമാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി വിമാനയാത്ര നടത്തുമ്പോൾ അത് സ്പോൺസർഷിപ്പ് വഴി ലഭ്യമായ യാത്രയാണ് എന്ന് യാതൊരു കൂസലും ഇല്ലാതെ പറയുകയാണ്.

അതുപോലെതന്നെ ആഭ്യന്തര മന്ത്രിയുടെ അമേരിക്കൻ യാത്രയും സ്പോൺസർഷിപ്പിലൂടെയാണ് എന്ന് പറയുന്നു. സർക്കാർ ചിലവിൽ യാത്ര ചെയ്തിട്ടില്ല എന്ന് അഭിമാനത്തോടുകൂടി പറയുമ്പോഴും ആരാണ് ഈ സ്പോൺസർമാർ എന്ന് വിശദീകരിക്കേണ്ട ധാർമിക ഉത്തരവാദിത്വം പാലിക്കാൻ തയ്യാറാകുന്നില്ല.

സുഹൃത്തിന്റെ ആഡംബരക്കാറിൽ മന്ത്രി യാത്ര ചെയ്തതിനെതിരെ ജനങ്ങളും പ്രതിപക്ഷവും പ്രതിഷേധിച്ചപ്പോൾ അദ്ദേഹം തിരിച്ചുകൊടുക്കുന്നു. തിരിച്ചുകൊടുത്തിട്ട് യാതൊരു നിലയിലും തെറ്റ് സംഭവിച്ചിട്ടില്ല എന്ന നിലയിൽ അദ്ദേഹം അഭിപ്രായങ്ങൾ പറയുന്നു. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ എത്തിയ മന്ത്രിമാരും ഗവൺമെന്റും സ്വീകരിക്കേണ്ട സമീപനമാണോ ഇത്?

ഇവിടെ ജനാധിപത്യം ഇല്ലേ?

ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ നടത്തുന്ന ഭരണമാണ് ജനാധിപത്യം. എന്നാൽ, ഇന്ന് യുഡിഎഫ് ഗവൺമെന്റ് സ്വീകരിക്കുന്ന സമീപനം സ്പോൺസർമാർക്ക് വേണ്ടി സ്പോൺസർമാരാൽ നയിക്കപ്പെടുന്ന സ്പോൺസർഷിപ്പിലൂടെ മുൻപോട്ടു പോകുന്ന ഗവൺമെന്റ് ആണ്. വിഡി സതീശൻ ഗവൺമെന്റ് ജനാധിപത്യത്തിന് പുതിയ നിർവചനം നൽകിയിരിക്കുകയാണ്.

വിമാനയാത്രയൊക്കെ നൽകണമെങ്കിൽ ഈ സ്പോൺസേഴ്സ് എന്ന് പറയുന്നത് ശതകോടീശ്വരന്മാർ ആയിരിക്കുമല്ലോ. അപ്പോൾ ഇതിന്റെ പ്രതിഫലം എന്തായിരിക്കും അവർക്ക് നൽകുന്നത്? കേന്ദ്ര ഗവൺമെന്റ് അംബാനിക്കും അദാനിക്കും വേണ്ടി എല്ലാം കച്ചവടം ചെയ്യുന്നെങ്കിൽ കേരളത്തിലെ ഗവൺമെന്റ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കില്ല എന്ന് പറയുന്ന സ്പോൺസർമാർക്ക് വേണ്ടി എല്ലാം കച്ചവടം ചെയ്യാൻ തീരുമാനിച്ചു മുൻപോട്ടു പോവുകയാണ്.

ഈ സ്പോൺസർമാർ ആര് എന്ന് നിങ്ങൾ വെളിപ്പെടുത്തണം. പേര് പറയാൻ തയ്യാറാവാതിരിക്കുന്നത് തന്നെ വലിയ ദുരൂഹതയാണ്. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ഒരു പ്രശ്നമുണ്ട്. എപ്പോഴാണ് കറന്റ് പോകുന്നത് എന്ന് അറിയില്ല. പവർ കട്ട് വലിയ പ്രശ്നമാണ്. അങ്ങനെ വിശാല മനസ്സുള്ള സ്പോൺസർമാർ നിങ്ങളുടെ കൈയ്യിൽ ഉണ്ടെങ്കിൽ അവരെ കൊണ്ട് ബിപിഎൽ കുടുംബങ്ങൾക്കെങ്കിലും ഓരോ ഇൻവെർട്ടർ വാങ്ങിച്ചു കൊടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും തയ്യാറാകണം. ബിപിഎൽ കുടുംബങ്ങൾക്ക് നൽകാൻ നിങ്ങൾക്ക് പ്രയാസമാണെങ്കിൽ കിടപ്പ് രോഗികൾ ഉള്ള വീടുകളിലും കൈക്കുഞ്ഞുങ്ങൾ ഉള്ള വീടുകളിലുമെങ്കിലും ഇൻവെർട്ടർ സ്പോൺസർ ചെയ്യിക്കാൻ ഈ ഗവൺമെന്റിന് കഴിയണം.

ഈ ഗവൺമെന്റിന്റെ താല്പര്യം സാധാരണ ജനങ്ങളോടല്ല, സ്വന്തം യാത്രകൾക്കാണ്. ഞങ്ങൾക്ക് റിലാക്സേഷൻ പാടില്ലേ എന്നാണ് ഒരു മന്ത്രി ചോദിച്ചത്. ഇവിടുത്തെ ജനങ്ങൾ വലിയ ചൂട് അനുഭവിച്ച് ഒരു റിലാക്സേഷനും ഇല്ലാതിരിക്കുകയാണ്. വയനാട്ടിൽ നിങ്ങൾ വീട് വെച്ചു കൊടുക്കാം എന്ന് പറഞ്ഞ കുടുംബങ്ങൾ ഒരു റിലാക്സേഷനും ഇല്ലാതെ പിരിമുറുക്കത്തിലാണ്. വെള്ളപ്പൊക്കം ഉണ്ടായ പ്രദേശങ്ങളിൽ ഇതുവരെ നൽകിയിട്ടില്ല. ഇതൊന്നും നൽകാതെയാണ് യുവജനകാര്യമന്ത്രി റിലാക്സേഷന് വേണ്ടി വിദേശത്തേക്ക് പോകുന്നത്. സ്പോൺസർമാരെ കൊണ്ട് യാത്ര ചെയ്യിക്കുന്നത്. അത് ജനങ്ങളെ അധിക്ഷേപിക്കുന്നതാണ്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ മുന്നോട്ടുപോകും’ -ചിന്ത ​ജെറോം പറഞ്ഞു.