പാർട്ടിയെ അപകീർത്തിപ്പെടുത്താൻ വ്യാജ അക്കൗണ്ടുകൾ; ഡി.ജി.പിക്ക് പരാതിയുമായി ദീപ്തി മേരി വർഗീസ്



കൊച്ചി: കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഡി.ജി.പിക്ക് പരാതി നൽകി. കോൺഗ്രസ് നേതാക്കളെയും പാർട്ടിയെയും അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങൾ വഴി വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി.

തൊണ്ണൂറിലധികം വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങളും പരാതിക്കൊപ്പം ഡി.ജി.പിക്ക് കൈമാറിയിട്ടുണ്ട്. ഈ അക്കൗണ്ടുകളെല്ലാം ഏകീകൃത സ്വഭാവത്തോടെയാണ് പ്രവർത്തിക്കുന്നത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിൽ കോൺഗ്രസ് പാർട്ടിക്കെതിരെ അവമതിപ്പ് ഉണ്ടാക്കാനുമാണ് ഇത്തരം വ്യാജ അക്കൗണ്ടുകളിലൂടെ ശ്രമിക്കുന്നതെന്ന് ദീപ്തി മേരി വർഗീസ് പരാതിയിൽ ചൂണ്ടിക്കാട്ടി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.