അറിഞ്ഞില്ല, പറഞ്ഞില്ല; വൈദ്യുതി വിവാദത്തിൽ മന്ത്രി സണ്ണി ജോസഫിന് കടുത്ത അതൃപ്തി

തിരുവനന്തപുരം: ഹിമാചൽ-ജി.എൻ.എ വൈദ്യുതി ഇടപാടുമായി ബന്ധപ്പെട്ട് താനുമായി കൂടിയാലോചന നടത്താതെ മുഖ്യമന്ത്രി തീരുമാനമെടുത്തതിൽ വകുപ്പ് മന്ത്രി സണ്ണി ജോസഫിന് കടുത്ത അതൃപ്തി. ഹിമാചലിനെ ഒഴിവാക്കി ജി.എൻ.എ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചപ്പോഴും വിവാദത്തെ തുടർന്ന് ഈ തീരുമാനം തൽക്കാലം റദ്ദാക്കിയപ്പോഴും വകുപ്പ് മന്ത്രി അറിഞ്ഞില്ല. ഈ വിഷയങ്ങളിൽ കൂടിയാലോചനയുമുണ്ടായില്ല.

നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് ഊർജ സെക്രട്ടറിയും കെ.എസ്.ഇ.ബി ചെയർമാനും മുഖ്യമന്ത്രിയെ കണ്ടാണ് അറിയിച്ചത്. മന്ത്രിയുമായി ഇക്കാര്യത്തിൽ ആശയവിനിയമം നടത്തിയില്ല. പ്രതിസന്ധിയില്ലെന്ന ഇവരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ജി.എൻ.എ വൈദ്യുതി തൽക്കാലം വേണ്ടെന്ന് തീരുമാനിച്ചതും മന്ത്രിയുടെ അഭിപ്രായം ചോദിക്കാതെയാണ്. ഹിമാചൽ വൈദ്യുതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയതിനെക്കുറിച്ച് അന്വേഷണത്തിന് നിർദേശം നൽകിയതും സണ്ണി ജോസഫ് അറിഞ്ഞില്ല. ഇതെല്ലാം അദ്ദേഹത്തെ പ്രകോപിപ്പിച്ചു. ഇതോടെയാണ് വിവരങ്ങളെല്ലാം താൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന പരസ്യ പ്രതികരണത്തിന് സണ്ണി ജോസഫ് തയാറായത്.

ഉദ്യോഗസ്ഥർ തന്നെ വന്നു കണ്ട് കാര്യങ്ങൾ വിശദീകരിക്കണമെന്ന് നിർബന്ധമില്ലെന്നും മുഖ്യമന്ത്രി വകുപ്പ് മന്ത്രിക്ക് മുകളിലാണെന്നും മുൻ ചെയർമാൻ രാജമാണിക്യത്തിന്‍റെ കത്തിനെക്കുറിച്ച് അന്വേഷിക്കുന്നത് അറിയില്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ കടുത്ത അതൃപ്തി പ്രകടമാണ്. നവംബർ മുതൽ കടുത്ത പ്രതിസന്ധിയുണ്ടാകുമെന്നും ഹിമാചൽ വൈദ്യുതി വാങ്ങുന്നതാണ് മെച്ചമെന്നും കെ.എസ്.ഇ.ബി നേരത്തെ സർക്കാറിനെ അറിയിച്ചിരുന്നു. ഇതിനോട് യോജിക്കുന്ന അഭിപ്രായമാണ് മന്ത്രി സണ്ണി ജോസഫ് പ്രകടിപ്പിച്ചിരുന്നത്. എന്നാൽ, മന്ത്രിയടക്കം പിന്തുണച്ച നിർദേശം മുഖ്യമന്ത്രി തള്ളുകയും ജി.എൻ.എ വൈദ്യുതി വാങ്ങാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിനുശേഷം, വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മന്ത്രി സണ്ണി ജോസഫ് ഒരു പ്രതികരണവും നടത്തിയില്ല. മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചെന്ന് പറഞ്ഞ് ഒഴിയുകയാണ് ചെയ്തത്.

ഹിമാചൽ വൈദ്യുതി വാങ്ങണമെന്ന ശിപാർശ സദുദ്ദേശ്യത്തോടെയാണെന്നാണ് മന്ത്രിയുടെ നിലപാടെന്നാണ് സൂചന. തന്നെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി തീരുമാനമെടുക്കുന്നുവെന്ന അതൃപ്തി മന്ത്രിക്കുണ്ട്. കെ.എസ്.ഇ.ബി മുൻ ചെയർമാൻ രാജമാണിക്യം നൽകിയ റിപ്പോർട്ടിനോട് യോജിക്കുകയാണ് സണ്ണി ജോസഫ് ചെയ്തത്. മന്ത്രി പരസ്യ പ്രതികരണം നടത്തിയ സാഹചര്യത്തിൽ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി.