മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ഫേസ്ബുക്കിലൂടെ അപമാനിച്ചു; കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ പ്രതി പിടിയിൽ

കൊല്ലം: മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കൊട്ടാരക്കര സ്വദേശി അറസ്റ്റിൽ. കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര വില്ലേജിൽ പടിഞ്ഞാറ്റിൻകര മുറിയിൽ മഹാലക്ഷ്മിയിൽ മുരുകാനന്ദൻ ആചാരി മകൻ ബിജു (48) ആണ് അറസ്റ്റിലായത്.

മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും ബിജു കാടാംകുളം എന്ന ഫേസ്ബുക് അക്കൗണ്ട് വഴിയാണ് അപമാനിച്ചത്. എഴുകോൺ ​പൊലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫേസ്ബുക് ദുരുപയോഗം ചെയ്ത് പൊതുപ്രവർത്തകരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ബിജു ​മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെയാണ് എഴുകോൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപു പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ബിജുവിന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.