കോടതി വിധിയിൽ ആഫ്രിക്കൻ നാഷൻസ് കപ്പ് തിരിച്ചുപിടിച്ച് സെനഗാൾ; മൊറോക്കോക്ക് തിരിച്ചടി

ലൂസൈൻ: 2025ലെ ആഫ്രിക്കൻ കപ്പ് ഓഫ് നാഷൻസ് ഫുട്ബോൾ കിരീടം സെനഗാളിന് തിരിച്ചുനൽകി കായിക തർക്കപരിഹാര കോടതി. മൊറോക്കോക്ക് അനുകൂലമായി നേരത്തേ പുറപ്പെടുവിച്ച വിധി റദ്ദാക്കിയാണ് കോടതിയുടെ നിർണായക നടപടി.

ജനുവരിയിൽ മൊറോക്കോയിൽ നടന്ന ഫൈനലിൽ സെനഗാൾ 1-0ന് ജയിച്ചിരുന്നെങ്കിലും മത്സരത്തിനിടെ സെനഗാൾ താരങ്ങൾ കളംവിട്ടതിനെത്തുടർന്ന് മാർച്ചിൽ ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ അപ്പീൽ സമിതി ഫലം റദ്ദാക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതായി കണക്കാക്കി മൊറോക്കോക്ക് 3-0ത്തിന്റെ ജയം അനുവദിക്കുകയും ചെയ്തു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മൊറോക്കോക്ക് പെനാൽറ്റി അനുവദിച്ചതിൽ പ്രതിഷേധിച്ചാണ് സെനഗാൾ താരങ്ങൾ കളംവിട്ടത്.

15 മിനിറ്റോളം നീണ്ട അനിശ്ചിതത്വത്തിനുശേഷം റഫറി മത്സരം പുനരാരംഭിക്കാൻ അനുമതി നൽകി. മൊറോക്കോയുടെ ബ്രാഹിം ഡയസിന്റെ പെനാൽറ്റി സെനഗാൾ ഗോൾകീപ്പർ തടഞ്ഞതോടെ മത്സരം അധികസമയത്തേക്ക് നീളുകയും സെനഗാൾ വിജയിക്കുകയും ചെയ്തു. റഫറി മത്സരം പുനരാരംഭിക്കാൻ തീരുമാനിച്ചതിനാൽ സെനഗാളിനെ പരാജയപ്പെടുത്തിയതായി കണക്കാക്കാനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഒരു ടീമിന്റെ നടപടിയെ തുടർന്ന് റഫറി മത്സരം പൂർണമായി അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ് കളംവിടുന്നതുമായി ബന്ധപ്പെട്ട ചട്ടം ബാധകമാകുന്നതെന്നും കോടതി വ്യക്തമാക്കി.

വിധിക്കെതിരെ ലഭ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് മൊറോക്കൻ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു. കായിക തർക്കപരിഹാര കോടതി വിധിക്കെതിരെ മൊറോക്കോക്ക് സ്വിറ്റ്‌സർലൻഡിലെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സാധിക്കും. അടുത്ത ആഫ്രിക്കൻ നാഷൻസ് കപ്പ് ജൂണിലാണ് നടക്കുന്നത്. കെനിയ, ഉഗാണ്ട, ടാൻസാനിയ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.