അന്താരാഷ്ട്ര ഫെൻസിങ് ചാമ്പ്യൻഷിപ്; അവസരം ലഭിച്ചിട്ടും ദുഃഖിതരായി താരങ്ങൾ

തൃശൂർ: അന്താരാഷ്ട്ര ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരം കുടുംബത്തിന് സാമ്പത്തികശേഷി ഇല്ലാത്തതിനാൽ നഷ്ടമാകുമെന്ന ആശങ്കയിൽ വിദ്യാർഥികൾ. തൃശൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ടി.കെ. ആരവ് കൃഷ്ണ, പ്ലസ് വൺ വിദ്യാർഥി നവനീത് വി. മനോജ് എന്നിവരാണ് പണമില്ലാത്തതിനാൽ അന്താരാഷ്ട്ര ടൂർണമെന്റിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമാകുമോയെന്ന ആശങ്കയിൽ കഴിയുന്നത്.

ചെന്നൈയിൽ ഡിസംബർ 18 മുതൽ 20 വരെ നടക്കുന്ന ഏഷ്യൻ കാഡറ്റ് കപ്പ് അണ്ടർ 17 ഫെൻസിങ് ചാമ്പ്യൻഷിപ്പിലാണ് ഇരുവരും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കേണ്ടത്. അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫെൻസിങ് ഉപകരണങ്ങൾ നിർബന്ധമാണ്. ഫെൻസിങ് കായികരംഗത്തെ ഉപകരണങ്ങൾക്ക് ചെലവേറിയതായതിനാൽ ഓരോ കുട്ടിക്കും ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് ഏകദേശം 2.5 ലക്ഷം രൂപ വീതം ചെലവ് വരും. സാധാരണ കുടുംബങ്ങളിൽ നിന്നുള്ള ഈ വിദ്യാർഥികൾക്ക് ഇത്രയും വലിയ തുക ഒറ്റക്ക് കണ്ടെത്തുക പ്രയാസമാണ്. മത്സരത്തിൽ പങ്കെടുക്കാൻ എന്തെങ്കിലും സാമ്പത്തിക സഹായം കിട്ടുമോ എന്നുകാണിച്ച് കായിക മന്ത്രിക്ക് കുട്ടികളുടെ രക്ഷിതാക്കളായ പാണ്ടിക്കാവ് സ്വദേശി കൃഷ്ണപ്രസാദ്, വിയ്യൂർ സ്വദേശി മനോജ് എന്നിവർ നിവേദനം നൽകിയിട്ടുണ്ട്. വിമല ഫെൻസിങ് അക്കാദമിയിൽ പരിശീലനം നടത്തുന്ന ഇവർക്ക് സാമ്പത്തിക സഹായവും സ്പോൺസർഷിപ്പും ലഭിച്ചാൽ മാത്രമേ കളത്തിലിറങ്ങാൻ കഴിയൂ.