അമിത്ഷാക്ക് കരിങ്കൊടി: ദൃശ്യം പിൻവലിക്കാൻ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയല്ല, എന്റെ ഓഫിസ് -മന്ത്രി ഒ.ജെ. ജനീഷ്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം ഫേസ്ബുക്കിൽനിന്ന് ഡിലീറ്റ് ചെയ്തതിൽ വിശദീകരണവുമായി മന്ത്രി ഒ.ജെ. ജനീഷ്. പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ലെന്നും തന്റെ ഓഫീസിൽനിന്ന് ആവശ്യപ്പെട്ടിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരിൽ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാൽ പ്രസ്തുത പോസ്റ്റ് ഒഴിവാക്കാൻ എന്റെ ഓഫിസ് നിർദേശിക്കുകയായിരുന്നു’ -ജനീഷ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടയിൽ ആയതിനാൽ പോസ്റ്റ് പിൻവലിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു. തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം. അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കേരളത്തിലെ മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന യുവമോർച്ചയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണ്. പോസ്റ്റ് പിൻവലിച്ചതിന്റെ പേരിൽ വിമർശിക്കുന്ന സി പി എം, ഡി വൈ എഫ് ഐ ക്കാർ കേരളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വന്നതും പോയതും അറിയാതെ ഉറക്കത്തിൽ ആയിരുന്നു എന്നത് പരിഹാസ്യമാണ് -ജനീഷ് പറഞ്ഞു.
ശനിയാഴ്ച കൊല്ലം ആശ്രാമം മൈതാനത്തു നിന്ന് വാഹനവ്യൂഹം പോകുമ്പോഴാണ് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. വാഹനവ്യൂഹം കടന്നുപോയ വഴിയിൽ നിന്ന് ഏകദേശം 50 മീറ്റർ അകലത്തേക്ക് പ്രതിഷേധക്കാർ എത്തി. ഇത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ആരോപിച്ച് ബി.ജെ.പി പരാതി നൽകിയിരുന്നു. വി.വി.ഐ.പി സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായും പരാതിയിൽ പറയുന്നു.
വി.വി.ഐ.പിയുടെ സുരക്ഷാ വലയത്തിന് സമീപത്തേക്ക് ജനപ്രതിനിധികൾ ഉൾപ്പെട്ട സംഘത്തിന് എങ്ങനെ എത്താൻ കഴിഞ്ഞുവെന്നത് ഗൗരവമായി പരിശോധിക്കണമെന്ന് ബി.ജെ.പി നേതാവ് ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അമിത് ഷാ കൊല്ലത്ത് കുണ്ടറ മുളവനയിലെ പവിത്രം കൺവെൻഷൻ സെന്ററിൽ അന്താരാഷ്ട്ര വനിതാകർഷക വർഷാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ‘സഹകരണത്തിലൂടെ സമൃദ്ധി (സഹ്കാർ സേ സമൃദ്ധി)’ പരിപാടിയിലാണ് പങ്കെടുത്തത്.
കുറിപ്പിന്റെ പൂർണരൂപം:
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം എന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പിൻവലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കാത്തതാണ്. പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ല. എന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരിൽ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാൽ പ്രസ്തുത പോസ്റ്റ് ഒഴിവാക്കാൻ എന്റെ ഓഫീസ് നിർദേശിക്കുകയായിരുന്നു.
പോസ്റ്റ് പിൻവലിച്ചത് ഞാൻ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നതിനാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു. തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം എന്ന് അഭ്യർഥിക്കുന്നു.
അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കേരളത്തിലെ മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന യുവമോർച്ചയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണ്. പോസ്റ്റ് പിൻവലിച്ചതിന്റെ പേരിൽ എന്നെ വിമർശിക്കുന്ന സി പി എം, ഡി വൈ എഫ് ഐ ക്കാർ കേരളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വന്നതും പോയതും അറിയാതെ ഉറക്കത്തിൽ ആയിരുന്നു എന്നത് പരിഹാസ്യമാണ്.
