ഇറച്ചി മാർക്കറ്റിൽ ചത്ത പശുവിനെ വിൽക്കാൻ ശ്രമം; പൊലീസ് കേസെടുത്തു

കായംകുളം: നഗരത്തിലെ ഇറച്ചി മാർക്കറ്റിന്റെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ ചത്ത പശുവിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പശുവിനെ മാർക്കറ്റിൽ എത്തിച്ച കെ.എൽ 29 ആർ 5562 നമ്പർ വാഹനത്തിന്റെ ഡ്രൈവറെ പ്രതിയാക്കിയാണ് നഗരസഭ സെക്രട്ടറി നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ചീഞ്ഞ മാംസത്തിലെ അണുബാധ കാരണം മനുഷ്യജീവന് ഹാനികരമാകുന്ന രോഗങ്ങൾ പടരാൻ സാധ്യതയുണ്ടെന്ന് അറിവുണ്ടായിട്ടും വിൽപനക്കായി അറവുശാലയിൽ എത്തിച്ചതിനാണ് കേസ്. എന്നാൽ, ഇതിൽ ഇടനിലക്കാരായവരെയും അറവുകാരനെയും പ്രതിയാക്കാത്തത് വ്യാപക വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് നഗരസഭ മാർക്കറ്റിലേക്ക് ചത്ത പശുവിനെ ഇറച്ചിയാക്കി വിൽപന നടത്താനായി എത്തിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഇടപെട്ടിരുന്നില്ലെങ്കിൽ ഹോട്ടലുകളിലടക്കം തീൻമേശകളിൽ ഇറച്ചി വിഭവങ്ങളായി മാറുമായിരുന്നു.
രോഗബാധിത പശുക്കളെ സ്ഥിരമായി മാർക്കറ്റിൽ എത്തിക്കുന്ന വാഹനമാണിതെന്ന് സംശയിക്കുന്നു. ഇത്തരം പശുക്കളെ എത്തിക്കുന്നതിന് ഇടനില സംഘങ്ങൾ വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്. തുച്ഛമായ തുക വീട്ടുകാർക്ക് നൽകിയാണ് അറവിനായി ഇവയെ എത്തിക്കുന്നത്. കുറഞ്ഞ വിലയിൽ ഇറച്ചി കിട്ടുന്നതിനാൽ തട്ടുകടക്കാരും ചില ഹോട്ടലുകാരും പതിവുകാരായതാണ് ഇത്തരം മൃഗങ്ങൾ മാർക്കറ്റിൽ എത്താൻ കാരണമാകുന്നത്. സംഭവത്തിൽ പ്രതിഷേധം വ്യാപകമായതോടെ വിഷയം ബുധനാഴ്ച കൂടുന്ന കൗൺസിൽ യോഗം ചർച്ച ചെയ്യും. ഇതിനായി അജണ്ട വെച്ച് നോട്ടീസ് ഇറങ്ങിയിട്ടുണ്ട്. ഇതിനിടെ മലിനീകരണ ബോർഡിന്റെ അനുമതിയില്ലാതെയാണ് അറവുശാല പ്രവർത്തിക്കുന്നതെന്നതും ചർച്ചയിൽ ഉൾപ്പെടും. ഇവിടുത്തെ മാലിന്യ സംസ്കരണ പോരായ്മകളും ഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. രക്തവും അവശിഷ്ടങ്ങളും കരിപ്പുഴ കനാലിലേക്ക് ഒഴുക്കുന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്കാണ് ഇടയാക്കുന്നത്. ഇതോടൊപ്പം നിലവിലെ കെട്ടിടത്തിന്റെ ശോച്യാവസ്ഥയും കൗൺസിലിൽ ചർച്ചയാകുമെന്ന് സൂചനയുണ്ട്.
