പുറത്താക്കുമെന്ന ഭയം തനിക്കില്ല; മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരാതി ഹൈക്കമാൻഡിനെ ധരിപ്പിച്ചതായി അടൂർ പ്രകാശ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ പരസ്യമായി പരാതി ഉന്നയിച്ചതിന്റെ പേരില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന ഭയമില്ലെന്ന് കൺവീനർ അടൂര്‍ പ്രകാശ്. പരാതി പരസ്യമായി പറഞ്ഞിട്ടും പരിഹാര ചര്‍ച്ചക്ക് മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും, വിഷയം എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞാന്‍ കഴിഞ്ഞ ദിവസങ്ങളിലായി ഉന്നയിച്ച കാര്യങ്ങള്‍ ഇന്നലെ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരിട്ട് ബോധിപ്പിച്ചിരുന്നു. എന്റെ പരാതി വായിച്ചുകേട്ടതിന് ശേഷം അദ്ദേഹം ചില കുറിപ്പുകള്‍ എഴുതിവെക്കുന്നത് കണ്ടു. പരാതിയെ മുഖവിലക്കെടുത്തതിന്റെ ലക്ഷണമാണതെന്നാണ് കരുതുന്നത്.
വിഷയത്തില്‍ അദ്ദേഹം എടുക്കുന്ന ഏത് തീരുമാനവും ഞങ്ങള്‍ക്ക് സ്വീകാര്യമായിരിക്കും’ അടൂര്‍ പ്രകാശ് പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ കണ്ടിരുന്നെങ്കിലും ഔദ്യോഗികമായി പരാതി കൈമാറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പാര്‍ട്ടിയിലും മുന്നണിയിലുമുള്ള പലയാളുകളും എന്നെ കാണുകയും അവരുടെ പരാതികള്‍ പറയുകയും ചെയ്തിട്ടുണ്ട്. അക്കാര്യങ്ങള്‍ അടക്കമാണ് ഞാന്‍ പരസ്യമായി ഉയര്‍ത്തിക്കാട്ടിയത്. വിഷയത്തില്‍ ഞങ്ങളെല്ലാവരും കൂടി വിശദമായി ആലോചിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താനാകൂ. ബോര്‍ഡ്, കോര്പറേഷന് വിഭജനത്തോടനുബന്ധിച്ച് എന്തുചെയ്യുമെന്നതടക്കമുള്ള കാര്യങ്ങളില്‍ ഇതേവരെ യാതൊരു വിവരവുമില്ല’- അദ്ദേഹം വ്യക്തമാക്കി.
മുന്നണിയിലെ ഏകോപനമില്ലായ്മയും, ചില സുപ്രധാന തീരുമാനങ്ങളും നിയമനങ്ങളും ഘടകകക്ഷികളെയോ യുഡിഎഫ് കണ്‍വീനറെയോ പോലും അറിയിക്കാതെ എടുക്കുന്നുവെന്നാണ് അടൂര്‍ പ്രകാശ് നേരത്തേ പരസ്യമായി പരാതിപ്പെട്ടിരുന്നത്. അദ്ദേഹം തന്നെയാണ് മാധ്യമങ്ങളെ വിളിച്ചുചേര്‍ത്ത് ഇക്കാര്യത്തിലെ കടുത്ത അതൃപ്തി പ്രകടമാക്കിയത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് കത്തയച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണം വന്നിരിക്കുന്നത്.
അടൂര്‍ പ്രകാശിന്റെ ഈ പരസ്യ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസിനകത്ത് നിന്നുതന്നെ നിരവധി നേതാക്കള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനും മുന്നണിക്കും ഉള്ളിലെ ഈ ചേരിപ്പോരും പരസ്യമായ പരാതികളും കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
