വിസി നിയമനത്തിൽ ഏകീകൃത നിയമ ഭേദഗതിയുമായി സർക്കാർ; പ്രായപരിധി 70, കാലാവധി 5 വർഷം, പുനർനിയമനമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഏകീകൃത നിയമ ഭേദഗതി കൊണ്ടുവരാനൊരുങ്ങി യു.ഡി.എഫ് സർക്കാർ. വിസി നിയമനത്തിന്റെ പരമാവധി പ്രായപരിധി 70 വയസ്സ് ആക്കാനാണ് തീരുമാനം.നിയമനം അഞ്ച് വർഷത്തേക്ക് മാത്രമാക്കി നിജപ്പെടുത്താനും തീരുമാനമുണ്ട്. ഒരു പ്രാവശ്യം വൈസ് ചാന്‍സലര്‍ ആയ ആൾക്ക് പുനര്‍ നിയമനമുണ്ടാകില്ലെന്നും ഭേദഗതിയില്‍ നിർദേശിച്ചിട്ടുണ്ട്. യു.ജി.സി മാനദണ്ഡമനുസരിച്ചാണ് സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം.

വൈസ് ചാന്‍സിലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലെ സര്‍വകലാശാല പ്രതിനിധി സിന്‍ഡിക്കേറ്റ് അല്ലെങ്കില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നാകും. സ്ഥിര വൈസ് ചാന്‍സലര്‍ നിയമനത്തിനാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നത്. സംസ്ഥാനത്തെ 13 സര്‍വകലാശാലകളിലാണ് ഭേദഗതി നടപ്പിലാക്കുന്നത്. വെറ്ററിനറി, ആരോഗ്യ സര്‍വകലാശാലകളെ ഭേദഗതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയമസഭയില്‍ അവതരിപ്പിക്കുന്ന കരട് ബില്ലിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. 2026 സര്‍വകലാശാല ഭേദഗതി നിയമങ്ങള്‍ എന്ന പേരിലാണ് ബില്ല്.

മുൻപ് നാല് വര്‍ഷമായിരുന്ന കാലവധിയാണ് അഞ്ച് വര്‍ഷമായി നീട്ടിയത്. 70 വയസ് കഴിഞ്ഞവര്‍ക്ക് വൈസ് ചാന്‍സിലര്‍ അധിക ചുമതല പോലും നല്‍കില്ല എന്നാണ് പുതിയ ഭേദഗതി പ്രകാരമുള്ള നിര്‍ദ്ദേശം. നേരത്തെ ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയതും ആരോഗ്യ സര്‍വകലാശാലയില്‍ മോഹനന്‍ കുന്നുമ്മല്ലിന് പുനര്‍നിയമനം നല്‍കിയതുമെല്ലാം വലിയ വിവാദമായ സാഹചര്യത്തിലാണ് കൂടിയാണ് പുനര്‍ നിയമനം ഇനി ഉണ്ടാകില്ലെന്ന വ്യവസ്ഥ പുതിയ ഭേദഗതിയില്‍ ചേർത്തിരിക്കുന്നത്. ഡിസംബറില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ ഭേദഗതി അവതരിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.