ഐ.ഒ.എ പ്രസിഡന്റായി ഉഷ മത്സരിക്കില്ല; നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് നിലവിലെ അധ്യക്ഷ പി.ടി. ഉഷ പിന്മാറി. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം നാലരക്കകം അവർ പത്രിക നൽകാത്തതോടെയാണ് മത്സരരംഗത്തുനിന്ന് പുറത്തായത്. ഡിസംബർ അഞ്ചിന് നടക്കുന്ന പുതിയ ഭരണസമിതി തെരഞ്ഞെടുപ്പോടെ ഉഷയുടെ നാലുവർഷത്തെ കാലാവധി അവസാനിക്കും.

2022ൽ ഐ.ഒ.എയുടെ ആദ്യ വനിത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉഷക്ക് രണ്ടാം വട്ടവും മത്സരിക്കാനുള്ള വഴികൾ അത്ര സുഗമമായിരുന്നില്ല. ഈ മാസം ആദ്യം നടന്ന ‘സ്പോർട്സ് പേഴ്സൻസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ്’ വിഭാഗം തെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെട്ടിരുന്നു. തുടർന്ന് ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വനിതാ പ്രതിനിധിയായാണ് 71 അംഗ ഇലക്ടറൽ കോളജിൽ ഉഷ ഇടംനേടിയത്.

ഇതിനെതിരായ പരാതികൾ വരണാധികാരി തള്ളുകയും ഡൽഹി ഹൈകോടതിയിലെ ഹരജി പിൻവലിക്കപ്പെടുകയും ചെയ്തതോടെ മത്സരിക്കാൻ യോഗ്യത നേടിയെങ്കിലും അവസാന നിമിഷം പത്രിക നൽകേണ്ടതില്ലെന്ന് അവർ തീരുമാനിക്കുകയായിരുന്നു. ഉഷ പിന്മാറിയതോടെ ഐ.ഒ.എക്ക് പുതിയ അധ്യക്ഷനെ ലഭിക്കുമെന്ന് ഉറപ്പായി. ഒളിമ്പിക് മെഡൽ ജേതാവും നിലവിലെ വൈസ് പ്രസിഡന്റുമായ ഗഗൻ നാരംഗ്, മുൻ സെക്രട്ടറി ജനറൽ രാജീവ് മേത്ത എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രധാനമായും മത്സരരംഗത്തുള്ളത്.