ബി.ജെ.പി സര്‍ക്കാറിന്‍റെ അവഗണന; നൂറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള കൊല്‍ക്കത്തയിലെ മുഹമ്മദന്‍സ് ഫുട്‌ബോള്‍ ക്ലബ്ബ് വില്‍പ്പനക്ക്

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ നൂറ്റി മുപ്പത്തഞ്ച് വര്‍ഷത്തെ പാരമ്പര്യമുള്ള കൊല്‍ക്കത്ത വമ്പന്‍മാരായ മുഹമ്മദന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വില്‍ക്കാനൊരുങ്ങുന്നു. കളിക്കാര്‍ക്കും കോച്ചുമാര്‍ക്കുമടക്കം കോടിക്കണക്കിന് രൂപയുടെ ബാധ്യത വന്നതാണ് ക്ലബ്ബിന്റെ മരണ മണിക്ക് തുടക്കമിട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പും ഇതേ സ്ഥിതിയുണ്ടായിരുന്നെങ്കിലും കൊല്‍ക്കത്തയിലെ സാധാരണ ജനങ്ങള്‍ ഫണ്ട് പിരിച്ച് ടീമിനെ തിരിച്ചെത്തിക്കുകയായിരുന്നു. എന്നാല്‍ ആദ്യമായി ഐ.എസ്.എല്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തതടക്കം 12 കോടി രൂപയോളം ബാധ്യത വന്നതാണ് ടീമിനെ വില്‍പനക്ക് വെക്കാന്‍ ഇപ്പോള്‍ കാരണമായത്. മാത്രമല്ല ബംഗാളില്‍ ബി.ജെ.പി സര്‍ക്കാര്‍ വന്നതോടെ ഏക മുസ്‌ലിം മാനേജ്‌മെന്റ് ക്ലബ്ബായ മുഹമ്മദന്‍സിന് സര്‍ക്കാര്‍ സഹായവും നിര്‍ത്തലാക്കിയിട്ടുണ്ട്. ഐ.എഫ്.എ ഷീല്‍ഡ്, നിര്‍ത്തലാക്കിയതും പ്രചാരമുണ്ടായിരുന്ന കൊല്‍ക്കത്ത ലീഗ് ടൂര്‍ണമെന്റുകളെല്ലാം പ്രതിസന്ധിയിലായതും ക്ലബ്ബിന്റെ നടത്തിപ്പിനെ കാര്യമായി ബാധിച്ചു. മുസ്‌ലിം നിയന്ത്രണത്തിലുള്ള ക്ലബ്ബായതിനാല്‍ ആരും സ്‌പോണ്‍സര്‍മാരായി വരുന്നില്ലെന്ന് ക്ലബ്ബധികൃതര്‍ പറഞ്ഞു. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമുമായി ചില നീക്കുപോക്കുകള്‍ നടത്താന്‍ ശ്രമം തുടരുന്നുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ക്ലബ്ബിനെ പൂര്‍ണ്ണമായും വില്‍ക്കുകയല്ലാതെ മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നും കാണുന്നില്ലെന്ന് ക്ലബ്ബ് സെക്രട്ടറി ബിലാല്‍ അഹമ്മദ് ഖാന്‍ പറഞ്ഞു. പതിനയ്യായിരം പേരെ ഉള്‍ക്കൊള്ളുന്ന ഗ്രൗണ്ടും ഓഫീസ് സംവിധാനങ്ങളും ക്ലബ്ബിന് സ്വന്തമായുണ്ട്. 1891 ഫെബ്രുവരി 22 ന് കൊല്‍ത്തക്കയിലെ സാധാരണ ടാക്‌സി തൊഴിലാളികളുടെ നേതൃത്വത്തിലാണ് ക്ലബ്ബ് രൂപീകൃതമായത്. അതു കൊണ്ടു തന്നെ ഏഷ്യയിലെ തന്നെ മികച്ച ആരാധകരുള്ള ടീമുകളിലൊന്നാണ് കൊല്‍ക്കത്ത മുഹമ്മദന്‍സ്. നിരവധി മലയാളി താരങ്ങള്‍ മുഹമ്മദന്‍സിലൂടെ കളിച്ച് വളര്‍ന്നിട്ടുണ്ട്.