ഗുരുതര രോഗബാധിതനായ കാസർകോaട് സ്വദേശിയെ തുടർചികിത്സക്കായി നാട്ടിലെത്തിച്ചു

ബുറൈദ: ഗുരുതര രോഗബാധിതനായി ബുറൈദ സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി റഫീഖിനെ തുടർചികിത്സയ്ക്കായി നാട്ടിലേക്കയച്ചു. ഒക്ടോബർ അഞ്ചിന്ഴ്ച രാത്രി റിയാദ്-കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ്, സഹയാത്രികനായ അജ്മലിന്റെ സഹായത്തോടെ ഇദ്ദേഹത്തെ നാട്ടിലേക്ക് തിരിച്ചയച്ചത്.

അടുത്തിടെ പ്രമേഹത്തെ തുടർന്ന് കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്നാണ് റഫീഖിനെ ബുറൈദ സെൻട്രൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇദ്ദേഹത്തിന് ലിവർ കാൻസർ സ്ഥിരീകരിച്ചത്.

വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്തുവന്നിരുന്ന റഫീഖിന് മുമ്പും രോഗബാധയുണ്ടാവുകയും അവിടെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാൽ ഭീമമായ ആശുപത്രി ബിൽ അടച്ചുതീർക്കാൻ സാധിക്കാതെ വന്നതോടെ ആശുപത്രി അധികൃതർ നിയമനടപടി സ്വീകരിക്കുകയും ഇദ്ദേഹത്തിന് യാത്രാവിലക്ക് നിലവിൽ വരികയുമായിരുന്നു.

പിന്നീട് ബുറൈദയിലെത്തിയ റഫീഖിനെ ബന്ധുവും കെ.എം.സി.സി ശാര 40 ജനറൽ സെക്രട്ടറിയുമായ എം.സി മുസ്തഫ പ്രസിഡന്റ് റഫീഖ് ചേമ്പ്ര, മറ്റ് ബന്ധുക്കളായ ശുഹൈബ്, സിദ്ദീഖ് എന്നിവർ ചേർന്ന് മുറിയെടുത്ത് താമസപ്പിച്ച് പരിചരിച്ചുവരികയായിരുന്നു.

ഇവിടെ വെച്ച് രോഗം വീണ്ടും മൂർച്ഛിച്ചതിനെ തുടർന്നാണ് ബുറൈദ സെൻട്രൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതും രോഗവിവരം പുറത്തറിഞ്ഞതും. വിവരമറിഞ്ഞ ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ ഫൈസൽ ആലത്തൂരിന്റെ ഇടപെടലിൽ പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് രൂപവത്കരിക്കുകയും, ജിദ്ദയിലുള്ള ബന്ധു റഫീഖ് ചാച്ച കുടുംബാംഗങ്ങളെയും നാട്ടുകാരെയും ഏകോപിപ്പിച്ച് ജിദ്ദയിലെ കുടിശ്ശിക ബിൽ തുക സമാഹരിക്കുകയുമായിരുന്നു.

റഫീഖിനെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഫൈസൽ ആലത്തൂരിന്റെ നേതൃത്വത്തിൽ ആരംഭിച്ചെങ്കിലും ബുറൈദ സെൻട്രൽ ഹോസ്പിറ്റലിലെ പന്ത്രണ്ടായിരത്തോളം റിയാലിന്റെ ബിൽ വീണ്ടും തടസ്സമായി. എന്നാൽ ഫൈസൽ ആലത്തൂർ ആരോഗ്യ വകുപ്പ് അധികൃതരുമായി നടത്തിയ നിരന്തര സമ്പർക്കത്തിനൊടുവിൽ, രോഗിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ആശുപത്രി ബിൽ പൂർണമായും ഒഴിവാക്കി നൽകി. ആശുപത്രിയിലെ നഴ്സുമാരായ നെജ്മ, ബിൻസി, ജീന എന്നിവരുടെ ജീവകാരുണ്യപരമായ ഇടപെടലുകളും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ വലിയ സഹായമായി.