വിവിധ മത്സരങ്ങളിൽ മെഡലുകൾ വാരി സഹോദരിമാർ

കാഞ്ഞിരപ്പള്ളി: ജില്ല കായികമേളയിൽ മത്സരങ്ങളിൽ മെഡലുകൾ വാരി ഒരു കുടുംബത്തിലെ സഹോദരിമാർ. ഭരണങ്ങാനം എസ്.എച്ച് ജി.എച്ച്.എസ് പത്താം ക്ലാസ് വിദ്യാർഥി അനിറ്റ മോൾ അഭിലാഷും എട്ടാം ക്ലാസ് വിദ്യാർഥി അബിയ മോൾ അഭിലാഷുമാണ് ഈ താരങ്ങൾ. ജൂനിയർ വിഭാഗം ഷോട്ട്പുട്ടിൽ സ്വർണവും ഡിസ്കസ് ത്രോ, ഹാമർ ത്രോ ഇനങ്ങളിൽ വെങ്കലം മെഡലുകളും അനിറ്റ നേടി.
സബ്ജൂനിയർ വിഭാഗത്തിൽ മത്സരിച്ച അബിയക്ക് 80 മീറ്റർ ഹഡിൽസിലും ഹൈജംപിലും വെള്ളി മെഡലുകളും ലഭിച്ചു. കഴിഞ്ഞ വർഷം നടന്ന സ്റ്റേറ്റ് കിഡ്സ് മീറ്റിൽ ലോങ് ജംപിൽ അബിയ വെങ്കലം നേടിയിരുന്നു. ഇടുക്കി തങ്കമണി പോലികരോട്ട് വീട്ടിൽ അഭിലാഷ് മാത്യുവിന്റെയും ടിന്റുവിനെയും മക്കളാണ് ഈ മിടുക്കികൾ.
ജാവലിനിൽ ഷക്കീബിന് റെക്കോഡ്
കാഞ്ഞിരപ്പള്ളി: ജൂനിയർ ആൺകുട്ടികളുടെ ജാവലിങ് ത്രോയിൽ മീറ്റ് റെക്കോഡുമായി കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിലെ മുഹമ്മദ് ഷക്കീബ്.
49.68 മീറ്റർ എറിഞ്ഞ ഷക്കീബ്, 2005ലെ കോരുത്തോട് സ്കൂളിന്റെ താരമായ ടി. ഈശ്വരന്റെ 45.80 മീറ്റർ റെക്കോർഡാണ് അനായാസം മറികടന്നത്. ഇത്തവണത്തെ ജൂനിയർ വിഭാഗം ഷോട്ട്പുട്ടിൽ 11.48 മീറ്റർ എറിഞ്ഞ് ഷക്കീബ് സ്വർണം നേടിയിരുന്നു. ജമ്മു-കശ്മീരിലെ പൂഞ്ച് സ്വദേശിയായ താരം കോരുത്തോട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
മുഹമ്മദ് ഷക്കീബ് (ജൂനിയർ ജാവലിങ് ത്രോ റെക്കോഡ്, കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസ്)
