കാട്ടാനയുടെ കാൽചുവട്ടിൽനിന്ന് ജീവിതത്തിലേക്ക്..; എസ്.എഫ്.ഒ സജീഷിന് ഇത് രണ്ടാംജന്മം

കാട്ടാക്കട: വനം കാവല്‍ കഴിഞ്ഞുള്ള മടക്കയാത്രയില്‍ കാട്ടാനയുടെ ചവിട്ടില്‍ ജീവന്‍ നിലച്ചുപോയതെന്ന് കരുതിയ വനപാലകന്‍ സജീഷിന് ഇത് രണ്ടാം ജന്മം. തേക്കടി പെരിയാർ ടൈഗർ റിസർവില്‍ 10 ദിവസത്തെ ജോലിക്കുശേഷമുള്ള മടക്കയാത്രക്കിടെ കാട്ടാനയുടെ ആക്രമണം നേരിടേണ്ടിവന്ന സെക്ഷൻ ഫോറസ്റ്റ് ഓഫീസര്‍ കാട്ടാക്കട കിള്ളി മുതയില്‍ ഒലിവ് ഗാര്‍ഡനില്‍ ആർ.സി.സജീഷ് (47) ആണ് നടുക്കുന്ന ഓർമയിൽ ഇപ്പോഴും കഴിയുന്നത്. വാരിയെല്ല് പൊട്ടി ശരീരമാസകലം ചതഞ്ഞ് രണ്ട് മാസത്തെ ചികിത്സക്ക് ശേഷമാണ് ഇപ്പോൾ സാധാരണനിലയിലേക്ക് എത്തിതുടങ്ങിയത്.
2026 ജൂലൈ ഒന്നിന് രാവിലെ 10 മണിയോടെയാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ചെമ്പകവല്ലി, കട്ടമാടി തോടിനുസമീപം ഒറ്റയാന്‍, സജീഷിനെ ചവിട്ടി മെതിച്ചത്. ആനയുടെ ചിവിട്ടില്‍ വാരിയെല്ലുകള്‍പൊട്ടി. വീഴ്ചയില്‍ ശരീരമാസകലം ചതഞ്ഞ് മുറിവേറ്റു. പുനര്‍ജന്മം കിട്ടിയ സജീഷ് വേതന കടിച്ചമര്‍ത്തി കഴിഞ്ഞത് ആഴ്ചകളോളം. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം വിശ്രമത്തില്‍ കഴിയുന്ന സജീഷ് 20വര്‍ഷത്തെ വനജോലിക്കിടെയുള്ള ആദ്യാനുഭവത്തിന്‍റെ ഞെട്ടല്‍ ഇതുവരെ മാറിയില്ല.
ആന, കാട്ടുപോത്ത്, കരടി, പുലി, കരിംപുലി, കടുവ തുടങ്ങിയവയേറെയുള്ള വനമേഖലയാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വ്. ജൂണ്‍ 20നാണ് കാട് കാക്കാനായി സജീഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘം പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ചെമ്പകവല്ലിയിലേക്ക് യാത്രപോയത്. പത്ത് ദിവസത്തെ ജോലിക്കുശേഷം തിരികെ പെരിയാർ ടൈഗർ റിസർവിലെ തലയണയിലേക്ക് വരവെയാണ് കുറ്റിക്കാട്ടില്‍ മറഞ്ഞിരുന്ന ആന വനപാലക സംഘത്തിനുനേരെ പാഞ്ഞടുത്തത്.
പൊടുന്നനെയുള്ള ആക്രമണത്തില്‍ വനപാലക സംഘം ചിതറിയോടി. ഇതിനിടെ തോട്ടില്‍വീണ സതീഷിനെ ആന ചവിട്ടി താഴ്ത്തി. പിന്നീട് മസ്തകം മണ്ണില്‍ താഴ്ത്തി ഛിന്നം വിളിയായുമായി കാട്ടാന ഏറെ നേരം നിലയുറപ്പിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ വീണശേഷം പിന്നീടുള്ളത് നേരിയ ഓര്‍മകള്‍ മാത്രമായിരുന്നു. ഇതിനിടെ വനപാലക സംഘം തന്ത്രത്തില്‍ ആനയെ തുരത്തി. അതിനുശേഷം കൂടെയുള്ളവര്‍ സജീഷിന്റെ അടുത്തെത്തിയപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. തുടർന്ന് വനത്തിലെ സുരക്ഷിതമായിടത്തേക്ക് മാറ്റി. പിന്നീട് കാട്ടുകമ്പുകളും, കരുതിയിരുന്ന പുതപ്പും കൊണ്ട് സ്ട്രച്ചറുണ്ടാക്കി. ദുര്‍ഘടമായ കാട്ടുപാതയിലൂടെ ആറ് കിലോമീറ്ററോളം ദൂരം ചുമന്ന് ജീപ്പിൽ കയറ്റി തമിഴ്നാട്ടില്‍ ശങ്കരന്‍കോവിലിനടുത്തലുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു.
പ്രാഥമിക ചികിത്സ നല്‍കിയശേഷം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചു. അവിടെ നിന്നും നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കായി രണ്ടാഴ്ചയിലേറെ ആശുപത്രിയില്‍ കഴിഞ്ഞു വീട്ടില്‍ തിരിച്ചെത്തി. നടക്കാനും ഇരിക്കാനും ഏറെ ബുദ്ധിമുട്ടുകൾ ഇപ്പോഴുമുണ്ട് സജീഷ് രാജിന്. ഭാര്യ: ഷിംന. മക്കൾ: അനോവ, ആൻവി.
