ശശികലക്കെതിരെ മിനികൂപ്പർ ഇടിച്ച് മരിച്ച ഗോപികയുടെ കുടുംബം: ‘എന്ത് വൃത്തികേടാണ് ഈ സ്ത്രീ പറയുന്നത്? അല്പം മാനുഷിക മര്യാദ കാണിക്കണം’

പാലക്കാട്: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് കൊല്ലപ്പെട്ട വിദ്യാർഥിനികളെ അധിക്ഷേപിച്ച ഹിന്ദു ഐക്യ വേദി നേതാവ് കെ.പി. ശശികലക്കെതിരെ മരിച്ച ഗോപികയുടെ കുടുംബം. ശശികല പറയുന്നത് വൃത്തികേടാണെന്നും ഒരല്പം മാനുഷികമായ മര്യാദ തങ്ങളുടെ കുടുംബത്തോട് കാണിക്കണമെന്നും ഗോപികയുടെ മാതാപിതാക്കളായ കരിമ്പ ഇടക്കുർശ്ശി നിലാറ്റ മുള്ളൻകുഴിയിൽ ഓട്ടോ ഡ്രൈവർ പ്രദീപ് കുമാറും സജിതയും പിതൃസഹോദരൻ എം.ആർ. അനിൽകുമാറും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘ശശികല എന്ന് പറയുന്ന സ്ത്രീയൊക്കെ എന്തെല്ലാം വൃത്തികേടാണ് ഈ സമൂഹത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്? അത് ഞങ്ങൾ കേൾക്കുന്നുണ്ട്. ഒരു മുസ്‍ലിം കുട്ടിയുടെ കൂടെ എന്തിനാണ് രണ്ട് ഹിന്ദുക്കൾ പോയത് എന്നാണ് ശശികല ചോദിച്ചത്. ഒരല്പം മാനുഷികമായ മര്യാദ ഞങ്ങളുടെ കുടുംബത്തോട് കാണിക്കണം.
ജോലി ചെയ്ത് നല്ല അന്തസ്സായിട്ട് ജീവിക്കുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്. അച്ഛനോട് പറയാതെ അവൾ എവിടെയും പോകില്ല. ഞങ്ങളുടെ കുടുംബം എങ്ങനെയാണ് എന്ന് ഈ ശശികലയൊക്കെ ഇവിടെ വന്ന് സമൂഹത്തിൽ ഇറങ്ങി അന്വേഷിക്കണം. കുടുംബത്തിനെതിരെയും ഞങ്ങളുടെ കുട്ടിക്കെതിരെയും അവർ പറഞ്ഞ വൃത്തികേടുകൾ ആയിരക്കണക്കിന് ആളുകളാണ് ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്.
കുടുംബത്തിന്റെ പരിപൂർണ്ണ അനുമതിയോടു കൂടിയാണ് മോൾ തൃക്കാക്കര സുക്കായോ സ്റ്റേഷനറി മാർട്ടിൽ ജോലിക്ക് പോകുന്നത്. ജോലി കഴിഞ്ഞ് ഈ പറയുന്ന സ്പോട്ടിൽ പോകുമ്പോൾ അവളുടെ അച്ഛനായ എന്നെ വിളിച്ച് പറഞ്ഞിട്ടാണ് പോയത്. മരണത്തിന് മുമ്പ് 10 മിനിറ്റോളം എന്നോട് സംസാരിച്ചതാണ്. എന്നോട് പറയാതെ അവൾ എവിടെയും പോകില്ല. അവൾ എന്ത് കാര്യത്തിനാണ് പോകുന്നതെങ്കിലും പറയും.
സ്ഥാപനത്തിൽ ഒരു ഫ്ലോറിന്റെ ഇൻചാർജ് അവൾക്കാണ്. അവിടുത്തെ സാമ്പത്തിക കാര്യങ്ങളുടെ ഹെഡ് ആയിട്ടാണ് അവൾ പ്രവർത്തിക്കുന്നത്. കണക്കും കാര്യങ്ങളും എല്ലാം ക്ലോസ് ചെയ്തു മാത്രമേ ഇവർക്ക് ഇറങ്ങാൻ പറ്റുള്ളൂ. അതിനാൽ 10 മണിക്ക് ഷോപ്പ് അടച്ചാൽ 10.45ന് ശേഷം ഒക്കെ ആയിരിക്കും മിക്കപ്പോഴും ഇറങ്ങാൻ പറ്റുക.
അപകടത്തിൽ മരിച്ച ബാക്കിയുള്ളവരും കൂടെ ജോലി ചെയ്യുന്നവരാണ്. ജോലി കഴിഞ്ഞ് ഇറങ്ങി എല്ലാവരും അവരവരുടെ റൂമുകളിലേക്ക് പോയി. പേയിങ് ഗസ്റ്റ് ആയിട്ടാണ് എന്റെ മോൾ താമസിക്കുന്നത്. റൂമിൽ പോയി യൂണിഫോം മാറ്റി സാധാരണ ആ ജംഗ്ഷനിലെ ഏതെങ്കിലും ഒരു കടയിൽ നിന്നാണ് ഭക്ഷണം കഴിക്കുക. ഇവർ പുറത്തേക്കൊക്കെ പോയിട്ട് ഒരുപാട് നാളായി.
എന്റെ മോൾ ഡാറ്റ അനാലിറ്റിക്സിന്റെ കോഴ്സ് പഠിച്ചുകൊണ്ടിരിക്കുകയാണ്. രാവിലെ എണീറ്റ് ആ കോഴ്സിന് പോയി അത് കഴിഞ്ഞ് റൂമിൽ വന്നാണ് ഈ പറയുന്ന സ്ഥാപനത്തിലേക്ക് പോകുന്നത്. ജോലി കഴിഞ്ഞ് രാത്രി 11 മണിയോടെ തിരിച്ചുവരും. ഇതിനിടയിൽ പുറത്തേക്കൊന്നും പോകാൻ കുട്ടികൾക്ക് സമയം കിട്ടില്ല. വീക്കെൻഡിലോ അല്ലെങ്കിൽ മാസത്തിൽ ഒരിക്കലോ ചിലപ്പോൾ എപ്പോഴെങ്കിലും ഇങ്ങനെ സമയം കിട്ടുന്ന സമയത്ത് മാത്രമായിരിക്കും ഇവർ ഇങ്ങനെ പോവുക. അതുകൊണ്ടാണ് ഈ രാത്രി പോയത്.
പെൺകുട്ടികൾ എന്തിനാണ് രാത്രിയിൽ ഇറങ്ങി നടക്കുന്നത് എന്നാണ് ശശികല ചോദിക്കുന്നത്. അതും ഒരു മുസ്‍ലിം ചെറുക്കന്റെ കൂട്ടത്തിൽ രണ്ട് ഹിന്ദു പെൺകുട്ടികൾ എന്തിനാണ് പോയത് എന്ന മട്ടിലാണ് ചോദ്യങ്ങൾ. ഈ ശശികലയാണ് സോഷ്യൽ മീഡിയയിൽ ഇത് പ്രചരിപ്പിക്കുന്നതിന് കാരണമായത്. അതിനോടുള്ള ശക്തമായ വിയോജിപ്പ് ഞങ്ങൾ പ്രകടിപ്പിക്കുന്നു.
അങ്ങനെയാണ് നെടുമ്പാശ്ശേരിയിലുള്ള ആ സ്ഥാപനത്തിലേക്ക് ഇവർ പോയത്. അവിടെ വന്നു ഭക്ഷണം കഴിക്കുകയോ ചായ കുടിക്കുകയോ ചെയ്തു. വിമാനം ഇറങ്ങുന്ന കാഴ്ചകളൊക്കെ കാണാനുള്ള സൗകര്യം ഉണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനു മുൻപും അവർ അവിടെ പോയിട്ടുള്ളതാണ്. ആ സമയത്ത് ഇതെല്ലാം വിളിച്ചു പറഞ്ഞിട്ടുമുണ്ട്. പോകുന്നതിനു മുൻപ് തന്നെ പറയും ഞാനും അവരും അവിടെ പോവുകയാണ് എന്ന്. എന്റെ മോൾ അങ്ങനെ എന്നോട് പറയാതെ എവിടെയും പോകുന്ന വ്യക്തിയല്ല.
സോഷ്യൽ മീഡിയയിൽ ആരോപിക്കുന്നത് പോലെ തോന്നിയത് പോലെ നടക്കുന്ന ആളല്ല. അത് അറിയണമെങ്കിൽ എന്റെ നാട്ടുകാരോട് അന്വേഷിച്ചു നോക്കണം. അവർ അവിടെ എവിടെയെങ്കിലും ഇരുന്നിട്ട് എന്തെങ്കിലും പറയുന്നതിനോട് ശക്തമായ വിയോജിപ്പുണ്ട്’ -കുടുംബം പറഞ്ഞു.
അപകടം നടന്നശേഷം സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്നും ഇവർ പറഞ്ഞു. ‘ഇങ്ങനെ ഒരു സംഭവം ഉണ്ടായ ശേഷം സർക്കാരിന്റെ യാതൊരുവിധ സംവിധാനവും ഇവിടെ ഉള്ളതായി നമുക്ക് ഇതുവരെ ഫീൽ ചെയ്തിട്ടില്ല. ആരെങ്കിലും ഇവിടെ വന്ന് ഒരു കാര്യം അന്വേഷിച്ചില്ല. ഇവിടെ ഒരു സർക്കാർ ഉണ്ടല്ലോ, സർക്കാരിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായി ആരും വന്നില്ല. എംപിയും മന്ത്രിയും വന്നിരുന്നു. അതല്ലാതെ ഔദ്യോഗികമായി ആരും ഒരു കാര്യം പോലും അന്വേഷിച്ചില്ല. ഈ പ്രതികളുടെ അടുത്തുതന്നെയാണ് രണ്ട് മന്ത്രിമാർ ഉള്ളത്. അവർ ഇടപെട്ടു എന്നൊന്നുമല്ല ഞങ്ങൾ പറയുന്നത്, അതിന് നമുക്ക് തെളിവൊന്നുമില്ല. പക്ഷേ, എഫ്ഐആറിൽ മദ്യപിച്ച വിവരമൊന്നും ചേർത്തിട്ടില്ല. അതുപോലെ ജുവനൈൽ ഹോമിലാണ് പ്രതിയെ പാർപ്പിച്ചത്’ -ഇവർ പറഞ്ഞു.
നെടുമ്പാശ്ശേരി വി.ഐ.പി റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് ഞായറാഴ്ച പുലർച്ചെ 1.55നായിരുന്നു അപകടം. രാത്രി 11ന് ജോലി കഴിഞ്ഞ ശേഷം സുഹൃത്തുക്കൾക്കൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമെത്തി ഭക്ഷണം കഴിച്ച ശേഷം അത്താണി ഭാഗത്തേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോൾ പിന്നിൽ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരുമായി തട്ടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവർ സുഹൈൽ സജീവിനെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.
‘പ്രതിയെ പാലൂട്ടാനാണോ ജുവനൈൽ ഹോമിലേക്ക് വിടുന്നത്?’
വലിയ കോടീശ്വരന്മാരായ മാതാപിതാക്കളുടെ മകനും കൂട്ടുകാരുമാണ് പ്രതികളെന്നും ഇവരെ രക്ഷിക്കാൻ ലക്ഷങ്ങൾ അവർ വാരിവിതറുമെന്ന് ഉറപ്പാണെന്നും ഗോപികയുടെ പിതൃസഹോദരൻ അനിൽ കുമാർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ‘പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെ പറ്റി സംശയമുണ്ടാകും. ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരൻ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി എന്ന് ഓരോ സാധാരണ മലയാളിയും സംശയിക്കേണ്ടി വരും’ -അദ്ദേഹം പറഞ്ഞു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:
പ്രിയമുള്ളവരേ,
എൻ്റെ അനിയൻ എം. ആർ. പ്രദീപ് കുമാറിൻ്റെ മൂത്ത മകൾ ഗോപിക നെടുമ്പാശ്ശേരിയിൽ വെച്ച് 4 പ്രതികൾ അത്യധികം മദ്യപിച്ച് ഉണ്ടാക്കിയ വാഹനാപകടത്തിൽ മരിച്ച വിവരം നിങ്ങളെല്ലാം അറിഞ്ഞിരിക്കുമല്ലോ. എൻ്റെ സ്വന്തം സംഹാദരൻ്റെ മകളാണ്. എനിക്ക് സ്വന്തം മകളെ പോലെയാണ് അവളും. രാത്രി 2 മണിക്ക് അവളും മറ്റു സുഹൃത്തുക്കളും ചേർന്ന് നെടുമ്പാശ്ശേരി എയർപോർട്ട് ഭാഗത്തു നിന്ന്, നൈറ്റ് ഷിഫ്റ്റിലുള്ള പാർട്ട്ടൈം ജോലി കഴിഞ്ഞ് ഭക്ഷണം കഴിച്ച് സ്വന്തം താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് ഈ നരഹത്യ നടന്നത്.
എൻ്റെ സഹോദരൻ ഒരു ഓട്ടോ റിക്ഷ തൊഴിലാളിയാണ്. വളരെ പാവപ്പെട്ട കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച് വളർന്ന സാധാരണക്കാരായ മാതാപിതാക്കളുടെ മക്കളാണ് ഞങ്ങൾ. കൂലിപ്പണി ചെയ്തും ടെയ്ലറിങ്ങ് നടത്തിയും ചായക്കട നടത്തിയും ഒക്കെയാണ് ഞങ്ങൾ പഠിച്ചതും ജോലി കണ്ടെത്തിയതും. എൻ്റെ സഹോദരൻ്റെ മകൾ ഗോപിക BCA പാസ്സായതും പിന്നീട് ഡാറ്റാ അനലിറ്റിക്സ് കോഴ്സ് പാസായതും നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്ത് കിട്ടുന്ന കാശുകൊണ്ടാണ്. തുടർ പഠനത്തിനുള്ള പണം കണ്ടെത്താനും ഓട്ടോ തൊഴിലാളിയായ അച്ഛനെ ബുദ്ധിമുട്ടിക്കാതിരിക്കാനുമാണ് എൻ്റെ കുട്ടി അവൾ പഠിച്ച സ്ഥാപനത്തിനോട് ചേർന്ന ഒരു ആൻറിക് ഷോപ്പിൽ , അവളുടെ ദീർഘകാല സുഹൃത്തുക്കളോടൊപ്പം മാതാപിതാക്കളുടെ അറിവോടെയും സമ്മതത്തോടെയും ജോലി ചെയ്തുവരുന്നത്. വീക്കെൻഡ് ആയതിനാൽ എയപ്പോർട്ടിനോടു ചേർന്നുള്ള ഫുഡ് കോർട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് ഹേം സ്റ്റേയിലേക്ക് മടങ്ങവെയാണ് കൊലയാളി ഞങ്ങളുടെ കുട്ടിയെ അടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയത്. അതിൻറെ സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം എണ്ണമറ്റ നിരവധി തെളിവുകളും മെഡിക്കൽ റിപ്പോർട്ടുകളും മറ്റ് ഡിജിറ്റൽ തെളിവുകളും പുറത്തു വന്നു കഴിഞ്ഞു.
പ്രതി അമിത മദ്യപനായിരുന്നു എന്ന് സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥർ മാധ്യമങ്ങളോടും എന്നോടും എറ്റവും അനുഭാവത്തോടെ വെളിപ്പെടുത്തിയതുമാണ്. പ്രതി നാട്ടുകാരോട് വാപ്പ രക്ഷിച്ചോളും എന്ന് വീരവാദം പറഞ്ഞതും സാക്ഷിമൊഴികളായി നമ്മൾ കണ്ടതാണ്.
വലിയ കോടീശ്വരന്മാരായ മാതാപിതാക്കളുടെ മകനും കൂട്ടുകാരുമാണ് പ്രതികൾ. മകനെയും കൂട്ടുപ്രതികളെയും രക്ഷിക്കാൻ ലക്ഷങ്ങൾ അവർ വാരിവിതറുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. മലയാളത്തിലെ ഒരു വിഖ്യാത നടിക്ക് നീതി വാങ്ങിക്കൊടുക്കാൻ കഴിയാതിരുന്ന അതേ പ്രദേശത്താണ് ഈ നരഹത്യയും നടന്നിട്ടുള്ളത്.
എന്നിട്ട് അതിലെ പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടക്കുന്നതി നു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെ പറ്റി സംശയമുണ്ടാകും. ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരൻ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി എന്ന് ഓരോ സാധാരണ മലയാളിയും സംശയിക്കേണ്ടി വരും.
കേരളം ഭരിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്കും സംസ്ഥാന ഡി.ജി.പിക്കും ഈ സംശയം ദൂരീകരിക്കാൻ വല്ല നൈതിക ബാധ്യതയും സ്വീകരിക്കാനുണ്ടോ എന്ന് ഉത്തരവാദിത്തപ്പെട്ട ഒരു ബന്ധു എന്ന നിലയിൽ ചോദിക്കുന്നു. എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്ത് വെച്ചിരിക്കുന്നത് എന്ന സംശയത്തിനും ഉത്തരം കിട്ടണം. നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം.
