പൊലീസിനെ അമ്പരപ്പിച്ച് സിജെപിയുടെ മിന്നല്‍ സമരം; ജന്തര്‍ മന്തറില്‍ കയറി പ്രവര്‍ത്തകര്‍

 

ന്യൂഡല്‍ഹി: പൊലീസിനെ അമ്പരപ്പിച്ച് സിജെപി വക്താക്കൾ ജന്തർ മന്തറിൽ കടന്നുകയറി. അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ എന്നിവരാണ് വിലക്ക് ലംഘിച്ചു കടന്നുകയറിയത്. പിന്നാലെ ഇവരെ കസ്റ്റഡിയിലെടുത്തു.

ദേശീയ പതാകയേന്തിയാണ് പ്രവര്‍ത്തകരെത്തിയത്. പ്രതിഷേധങ്ങളെ അടിച്ചമർത്തി സമരം ഇല്ലാതാക്കാൻ കഴിയില്ലെന്ന് വീഡിയോ പങ്കുവെച്ച് അഭിജീത് ദീപ്കെ വ്യക്തമാക്കി. പതിറ്റാണ്ടുകളായി ന്യൂഡല്‍ഹിയിലെ സമരകേന്ദ്രമായിരുന്ന ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിജെപി നേതാക്കള്‍ ജന്തര്‍ മന്തറിലേക്ക് എത്തുന്നത്.

കൈകളിൽ പതാകകളുമായി ഗേറ്റ് ചാടിക്കടക്കുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ‘ഇൻക്വിലാബ് സിന്ദാബാദ്’ വിളികളുമായി പ്രതിഷേധിച്ച പ്രവർത്തകരെ സ്ഥലത്തുണ്ടായിരുന്ന ഡൽഹി പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൊലീസുമായി ചെറിയ തോതിലുള്ള ഉന്തും തള്ളും ഉണ്ടായെങ്കിലും പിന്നീട് പ്രവർത്തകരെ മുഴുവൻ കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്യുകയായിരുന്നു.

ജന്തർമന്തറിനെ പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെയും സിജെപി രംഗത്ത് എത്തിയിരുന്നു. സർക്കാർ ഉത്തരവ് ജനാധിപത്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് പാർട്ടി നേതാക്കൾ വ്യക്തമാക്കിയിരുന്നത്. അതേസമയം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‌റെ രാജിയാവശ്യപ്പെട്ടുള്ള സിജെപിയുടെ സമരത്തിന് ഡല്‍ഹി പൊലീസ് ഇതുവരെ അനുമതി കൊടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *