മൂത്തേടത്ത് കൂട്ടില്‍ കിടന്ന നായയെ അജ്ഞാത ജീവി കൊന്നുതിന്നു

എടക്കര: മൂത്തേടത്ത് കൂട്ടില്‍ കിടന്ന വളര്‍ത്തുനായയെ അജ്ഞാത ജീവി കൊന്ന് പാതി ഭക്ഷിച്ചു. ചീനിക്കുന്ന് കോല്‍ക്കാടന്‍ രവീന്ദ്രന്റെ ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പെട്ട നായയെയാണ് അജ്ഞാത ജിവി കൂട് തകര്‍ത്ത് പിടിച്ച് പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. നിലമ്പൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.പി. ജിനേഷിന്റെ നിര്‍ദേശ പ്രകാരം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ പി.എം. ശ്രീജിത്ത്, ആന്റണി തോമസ് മെന്‍ഡസ്, ബി.എഫ്.ഒ വിഷ്ണു എന്നിവര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.
കാല്‍പ്പാടുകളും ആക്രമണ രീതിയും പുലിയുടേതിന് സമാനമാണെന്ന് വനപാലകര്‍ പറഞ്ഞു. നിരീക്ഷണത്തിന് പ്രദേശത്ത് ട്രാപ്പ് കാമറ സ്ഥാപിച്ചു. ഒന്നരമാസം മുമ്പ് രണ്ട് കിലോമീറ്റര്‍ അകലെ ചോളമുണ്ടയില്‍ ഉടമയുടെ കണ്മുന്നില് വെച്ച് കടുവ മേയാന്‍ വിട്ട പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
സമീപത്തുള്ള ഉച്ചക്കുളം ഊരിലെ നാലു പോത്തിന് കുട്ടികളെ പുലി പിടിച്ചതായും പറയുന്നു. അടിക്കടി പുലിയും കടുവയും ഇറങ്ങുന്നതിനാല്‍ പ്രദേശവാസികള്‍ കടുത്ത ഭീതിയിലാണ്. പ്രദേശത്ത് കൂട് സ്ഥാപിച്ച് നാട്ടുകാര്‍ക്ക് ഭീഷണിയായ പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാമറയില്‍ പുലിയുടെ സാന്നിധ്യം ഉറപ്പായാല്‍ കൂട് സ്ഥാപിക്കുമെന്ന് വനപാലകര്‍ അറിയിച്ചു.
