'പട്ടിപ്പുലി' വിവാദം; പ്രചാരത്തിലുള്ള പേര് മാത്രമെന്ന് റേഞ്ചർ, ശാസ്ത്രീയ പരിശോധന വേണമെന്ന് നാട്ടുകാർ, ആശങ്കയിൽ പ്രദേശവാസികൾ

തൊട്ടിൽപ്പാലം: തോട്ടക്കാട്ടിൽ വളർത്തുനായയെ അജ്ഞാതജീവി പിടിച്ചുകൊണ്ടുപോയ സംഭവത്തിന് പിന്നാലെ ‘പട്ടിപ്പുലി’ യെക്കുറിച്ചുള്ള വിവാദം കനക്കുന്നു. പട്ടിയെ കൊണ്ടുപോയത് പട്ടിപ്പുലിയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതോടെയാണ് നാട്ടുകാർക്കിടയിൽ ആശങ്കയും സംശയവും വർധിച്ചത്. കഴിഞ്ഞദിവസമാണ് തൊട്ടിൽപ്പാലത്തിനടുത്ത തോട്ടക്കാട്ടിൽനിന്നും വളർത്തുനായയെ അജ്ഞാതജീവി പിടിച്ചുകൊണ്ടുപോയത്. തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നായയെ കൊണ്ടുപോയത് പട്ടിപ്പുലിയാണെന്ന് പറഞ്ഞതായി നാട്ടുകാർ ആരോപിക്കുന്നു.
രണ്ടുവർഷം മുമ്പ് പശുക്കടവിൽ വളർത്തുനായയെ കടിച്ചുകൊണ്ടുപോയ സംഭവത്തിലും പട്ടിപ്പുലിയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ‘പട്ടിപ്പുലി’ എന്ന പേരിൽ അറിയപ്പെടുന്ന ജീവി ഏതാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ലെന്നാണ് നാട്ടുകാരുടെ പരാതി. വന്യജീവികളുടെ ശാസ്ത്രീയ വർഗീകരണത്തിലോ ഔദ്യോഗിക വന്യജീവി രേഖകളിലോ ‘പട്ടിപ്പുലി’ എന്ന പേരിൽ ഒരു ജീവിയെക്കുറിച്ചുള്ള വിവരം ലഭ്യമല്ലെന്നും പറയുന്നു. കേരളത്തിലെ മലയോര മേഖലകളിൽ പണ്ടുകാലത്ത് പട്ടിപ്പുലി എന്ന പേരിൽ ഒരു ജീവിയുണ്ടായിരുന്നതായി ചിലർ പറയുന്നുണ്ടെങ്കിലും ഇതിന് ശാസ്ത്രീയമായ സ്ഥിരീകരണമില്ല.
ഈ ജീവിയുടെ ചിത്രമോ വ്യക്തമായ രേഖകളോ ലഭ്യമല്ലാത്തതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇത്തരമൊരു പേര് ഉപയോഗിക്കുന്നതിൽ വ്യക്തത വരുത്തണമെന്നും അജ്ഞാതജീവി ഏതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
അതേസമയം, പട്ടിപ്പുലി എന്ന പേരിൽ ഒരു ജീവിയില്ലെന്നാണ് കുറ്റ്യാടി റേഞ്ചർ കെ. പ്രശാന്തിന്റെ പ്രതികരണം. ആളുകൾക്കിടയിൽ പ്രചാരത്തിലുള്ള പേരാണ് പട്ടിപ്പുലിയെന്നും അദ്ദേഹം പറഞ്ഞു. തോട്ടക്കാട്ടിൽ നായയെ കൊണ്ടുപോയത് പട്ടിപ്പുലിയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അജ്ഞാതജീവി ഏതാണെന്ന കാര്യത്തിൽ വ്യക്തതവരുത്താൻ വനംവകുപ്പിന്റെ വിശദീകരണവും ശാസ്ത്രീയ പരിശോധനയും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
