പിന്തുടർന്ന് ഹാക്കർ; അധ്യാപികക്ക് നഷ്ടമായത് ലക്ഷങ്ങൾ; തല പുകച്ച് സൈബർ പൊലീസ്

സുൽത്താൻ ബത്തേരി: നാലുവർഷമായി അജ്ഞാത ഹാക്കറാൽ ജീവിതം വഴിമുട്ടി അധ്യാപിക. സുൽത്താൻ ബത്തേരിക്കടുത്ത് മലങ്കരയിൽ വാടകക്ക് താമസിക്കുന്ന സൗമ്യയാണ് നിരന്തരമായ സൈബർ ആക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും 22 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുമാണ് സൈബർ ആക്രമണത്തിലൂടെ ഉണ്ടായിട്ടുള്ളത്. 2022ൽ ആരംഭിച്ച ഈ അജ്ഞാത സൈബർ ആക്രമണത്തിന് മുന്നിൽ സൈബർ പൊലീസും പകച്ചു നിൽക്കുകയാണ്. ഫോണുകളും ഇ-മെയിൽ ഐഡികളും തുടർച്ചയായി ഹാക്ക് ചെയ്യപ്പെടുകയും, ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുകയും, ഫോണുകൾ തനിയെ ഫാക്ടറി റീസെറ്റ് ആകുകയും ചെയ്യുന്നതാണ് പ്രശ്നം.
കൽപറ്റയിലെ സൈബർ സെല്ലിൽ സൗമ്യ പലതവണ പരാതിയുമായി ചെന്നു. സൈബർ സെല്ലിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്ന് നിരന്തരമായ പരിശ്രമങ്ങൾ ഉണ്ടായിട്ടും കുറ്റവാളിയെ കണ്ടെത്തായില്ല. ഗൂഗിൾ പേ വൗച്ചറുകൾ വഴി ഗെയിമിങ് ആപ്പുകളിലേക്കാണ് പണം പോകുന്നതെന്ന് സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്.
ഒമ്പത് തവണയാണ് സൗമ്യക്ക് ഫോണുകളും സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും മാറ്റേണ്ടി വന്നത്. ആധാറുമായി ബന്ധിപ്പിക്കുന്ന ഫോൺ നമ്പറുകളും മാറ്റി. എന്നിട്ടും പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ഫോണിലെ സാങ്കേതിക തടസ്സങ്ങൾ കാരണം ബയോമെട്രിക് സംവിധാനം ഓഫ് ചെയ്തുവെക്കേണ്ടി വന്നതോടെ റേഷൻ കടയിൽ നിന്ന് സാധനം വാങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം സൈബർ സെൽ ഇടപെട്ട് പുതിയ മെയിൽ ഐ.ഡിയും പാസ്വേഡും ഉണ്ടാക്കി നൽകിയെങ്കിലും, മണിക്കൂറുകൾക്കകം സൗമ്യയുടെ ഫോൺ വീണ്ടും ഫാക്ടറി റീസെറ്റായി.
ഇതിന് പിന്നാലെ മകളുടെ ഫോണും ഫാക്ടറി റീസെറ്റ് ആവുകയും അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടാൻ തുടങ്ങുകയും ചെയ്തതായി സൗമ്യ പറയുന്നു. സ്വന്തമായി ഫോൺ പോലും ഉപയോഗിക്കാൻ കഴിയുന്നില്ല. കടംകയറി മാനസികമായി തകർന്നതോടെ ജോലിക്ക് പോകാൻ പറ്റാത്ത സ്ഥിതിയിലായി. മീനങ്ങാടിയിലെ സ്കൂളിൽ സംസ്കൃത അധ്യാപികയായിരുന്നു.
‘കോളജിലും സ്കൂളിലുമായി പഠിക്കുന്ന രണ്ട് പെൺമക്കളാണ്. ഇവരുടെ പഠനകാര്യങ്ങൾക്കുള്ള ചിലവ് പോലും ശരിക്കും നോക്കാൻ പറ്റാത്ത സ്ഥിതിയാണ്’ -സൗമ്യ പറയുന്നു. വയനാട് ജില്ല പൊലീസ് മേധാവിക്ക് സൗമ്യ പരാതി നൽകിയിട്ടുണ്ട്. നിലവിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
