ചേരാനല്ലൂർ വാഹനാപകടം: പ്രോസിക്യൂഷന് ഗുരുതര വീഴ്ചയെന്ന് ജയബാലകൃഷ്ണന്റെ മകൾ, കോടതി വിധി കേട്ടശേഷം തുടർനടപടിയെന്ന് കുടുംബം

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മരണപ്പെട്ട ജയബാലകൃഷ്ണന്റെ കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുള്ളതായി മകൾ ഭദ്രകീർത്തി. പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ കോടതിയിൽ വിശദമായ വാദം പൂർത്തിയായതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. അന്വേഷണ റിപ്പോർട്ട് ഉൾപ്പെടുന്ന കേസ് ഡയറി സമയത്തിനെത്തിയില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചെന്നും ഇക്കാര്യത്തിൽ പ്രോസിക്യൂഷന്റെ നടപടിയിൽ നിരാശയുണ്ടെന്നും ഭദ്രകീർത്തിയുടെ അഭിഭാഷകൻ അഡ്വ. എം.ജി. ശ്രീജിത്ത് പറഞ്ഞു.

കേസിൽ പ്രോസിക്യൂഷൻ വേണ്ടത്ര പരിശ്രമം നടത്തുന്നില്ലെന്നും ആരോ കേസ് പിന്നോട്ട് വലിക്കുന്നത് പോലെ തോന്നുന്നുവെന്നും ഭദ്രകീർത്തി പറഞ്ഞു. കേസിന്റെ നിർണായക രേഖകൾ സിഡി കൃത്യസമയത്ത് കോടതിയിൽ എത്തിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയതായി അവർ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് എവിടെയെന്ന് കോടതി തുടക്കം മുതൽ ചോദിക്കുന്നുണ്ടെങ്കിലും ഇതുവരെ കോടതിയിൽ എത്തിച്ചിട്ടില്ലെന്നും ഇതിൽ വലിയ നിരാശയുണ്ടെന്നും ഭദ്രകീർത്തിയുടെ അഭിഭാഷകൻ പറഞ്ഞു. മുൻകാലങ്ങളിൽ സമാനമായ ജുവനൈൽ കേസുകളിൽ ജാമ്യം റദ്ദാക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്ത മുൻ വിധികൾ ചൂണ്ടിക്കാട്ടിയാണ് കുടുംബം കോടതിയിൽ വാദം നടത്തിയത്.

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരിട്ട് ഇടപെട്ട കേസാണിത്. തുടക്കം മുതൽ ഒടുക്കംവരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം ഉറപ്പുനൽകിയിരുന്നു. ആഭ്യന്തര മന്ത്രി നേരിട്ടെത്തി കുടുംബത്തിന്റെ ആവശ്യങ്ങൾ കേൾക്കുകയും തങ്ങൾ നൽകിയ കത്ത് പുതിയ പൊലീസ് കമീഷണർ ആർ. നിശാന്തിനിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. കേസിന്റെ നടത്തിപ്പിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാമെന്നും സർക്കാർ വാഗ്ദാനം നൽകിയിട്ടുണ്ടെന്ന് ഭദ്രകീർത്തി പറഞ്ഞു. അധികാരമുള്ള ആളുകളോ ജഡ്ജിയായ അച്ഛനോ തങ്ങൾക്കില്ലെന്നും നീതി ലഭിക്കാത്തതിൽ വലിയ മാനസിക വിഷമവും നിരാശയുമാണ് നേരിടുന്നതെന്നും ഭദ്രകീർത്തി പറഞ്ഞു. നീതിക്കായി വീണ്ടും തെരുവിൽ സമരത്തിനിറങ്ങേണ്ടി വരുമോ എന്ന ചോദ്യമാണ് കുടുംബം ഉയർത്തുന്നത്. കേസിൽ തിങ്കളാഴ്ച വരുന്ന കോടതി വിധി കേട്ടശേഷം തുടർന്നുള്ള സമര പരിപാടികളിലേക്ക് ഇറങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം.