വൈഭവ് തിരിച്ചെത്തുമോ? ഇന്ത്യ – ന്യൂസിലൻഡ് അഞ്ചാം ട്വന്റി20 ഇന്ന്, മാറ്റങ്ങൾക്ക് സാധ്യത

ഹാമിൽട്ടൺ: ഇന്ത്യ – ന്യൂസിലാൻഡ് ട്വന്റി20 പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തേയും മത്സരം ഇന്ന് നടക്കും. ഹാമിൽട്ടണിലെ സെഡാൻ പാർക്കിൽ ഇന്ത്യൻ സമയം 12.30 ആണ് മത്സരം. പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഓക്‌ലൻഡിൽ നടന്ന നാലാം മത്സരത്തിലേറ്റ കനത്ത തോൽവി ഇന്ത്യയ്ക്ക് വലിയ തലവേദനയാണ്. അതിനാൽ അഞ്ചാം മത്സരത്തിലും വിജയിച്ച് പരമ്പര അവസാനിപ്പിക്കാനാവും ഇന്ത്യ ശ്രമിക്കുക. മറുവശത്ത് ന്യൂസിലാൻഡ് നാലാം മത്സരത്തിലെ വിജയം ആവർത്തിക്കാം എന്ന പ്രതീക്ഷയിലാവും മത്സരത്തിന് ഇറങ്ങുന്നത്.

പരമ്പരയിലെ അവസാന മത്സരമായതിനാൽ തന്നെ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഓപ്പണിങ്ങിൽ വീണ്ടും വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചേക്കുമോ എന്നാണ് ഏവരുടെയും ആകാംഷ. ഇഷാൻ കിഷന് പരിക്കേറ്റതോടെ മൂന്നാം മത്സരത്തിൽ അവസരം ലഭിച്ച 15 മികച്ച ബാറ്റിങ് കാഴ്ച്ച വെച്ചിരുന്നു. എന്നാൽ, ഇഷാൻ തിരിച്ചെത്തിയതോടെ താരത്തിന് ബെഞ്ചിലിരിക്കേണ്ടി വന്നു.

വെല്ലിങ്ടണിൽ മൂന്നാം നമ്പറിലേക്ക് ഇറങ്ങിയ സഞ്ജു സാംസൺ നാലാം മത്സരത്തിൽ ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിയെങ്കിലും തിളങ്ങാൻ സാധിച്ചിരുന്നില്ല. അതിനാൽ തന്നെ സഞ്ജുവിനെ പുറത്തിരുത്തി വൈഭവിനെ പരീക്ഷിച്ചേക്കും. പരമ്പരയിൽ 67, 14, 18, 4 എന്നിങ്ങനെയാണ് മലയാളി താരത്തിന്റെ സ്‌കോറുകൾ. ഒരു ചെറിയ ഇടവേള സഞ്ജുവിന് ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തൽ

അതേസമയം, ഇന്ത്യൻ നായകൻ ശ്രേയസ് അയ്യരുടെ ഫോമില്ലായ്മയും ടീമിന് തലവേദനയാണ്. തന്റെ ആദ്യ ട്വന്റി20 സെഞ്ച്വറി കുറിച്ചതിന് ശേഷം താരത്തിന് തിളങ്ങാൻ സാധിച്ചിട്ടില്ല. മധ്യനിരയിൽ ശ്രേയസ് പരാജയപ്പെട്ടപ്പോൾ എല്ലാം നമൻ ധിറും നിതീഷ് കുമാർ റെഡ്ഡിയും രക്ഷക്കെത്തിയതാണ് ടീമിന് തുണയായത്.

ബൗളിങ് നിരയും ഇന്ത്യക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അർഷ്ദീപ് സിങ് മാത്രമാണ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയത്. അനുഭവസമ്പന്നനായ ഭുവനേശ്വർ കുമാറിനെ തിരികെ വിളിച്ചെങ്കിലും അത് ടീമിന് ഗുണം ചെയ്തില്ല. താരത്തിന്റെ പഴയ നിഴൽ മാത്രമാണ് ആരാധകർക്ക് കാണാൻ സാധിച്ചത്. അതുകൊണ്ട് ബൗളിങ്ങിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരിൽ ഒരാൾ ടീമിലെത്താൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ നമൻ ധിറിന് പുറത്തിരിക്കേണ്ടി വരും.