സംസ്ഥാന സ്‌കൂൾ കായികമേള: തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാർ; അത്‌ലറ്റിക്‌സിൽ മലപ്പുറം

കോഴിക്കോട്: ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ച സംസ്ഥാന സ്‌കൂൾ കായികമേളയിൽ തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻമാരായി സ്വർണക്കപ്പ് സ്വന്തമാക്കി. ആകെ 2012.3 പോയിന്റ് നേടിയാണ് തിരുവനന്തപുരം ഈ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. കായികമേളയിൽ മികച്ച പോരാട്ടം കാഴ്ചവെച്ച തൃശൂർ 965.3 പോയികോടെ രണ്ടാം സ്ഥാനവും, 923.3 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അതേസമയം, കായികമേളയിലെ പ്രധാന ഇനമായ അത്‌ലറ്റിക്‌സിൽ മലപ്പുറം ജില്ല ജേതാക്കളായി.

ഗെയിംസ്, അക്വാട്ടിക്‌സ് എന്നീ വിഭാഗങ്ങളിൽ മികച്ച ആധിപത്യം പുലർത്തിയാണ് തിരുവനന്തപുരം കിരീടനേട്ടത്തിലേക്ക് കുതിച്ചത്. ഗെയിംസ് ഇനങ്ങളിൽ നിന്ന് മാത്രം 1310 പോയന്റാണ് തിരുവനന്തപുരം നേടിയത്. ഈ വിഭാഗത്തിൽ 151 സ്വർണവും, 92 വെള്ളിയും, 106 വെങ്കലവും അവർ സ്വന്തമാക്കി. ഗെയിംസിൽ 813 പോയിന്റുമായി കണ്ണൂർ രണ്ടാമതും, 796 പോയിന്റുമായി തൃശൂർ മൂന്നാമതുമെത്തി.

കൂടാതെ, അക്വാട്ടിക്‌സ് (നീന്തൽ) ഇനങ്ങളിലും തിരുവനന്തപുരം തങ്ങളുടെ മേധാവിത്വം ഉറപ്പിച്ചു. 606 പോയിന്റാണ് ഈ വിഭാഗത്തിൽ തിരുവനന്തപുരം നേടിയത്. അക്വാട്ടിക്‌സിൽ 160 പോയിന്റുമായി എറണാകുളം രണ്ടാമതും, 120 പോയിന്റുമായി തൃശൂർ മൂന്നാമതും സ്ഥാനം പിടിച്ചു.

അത്‌ലറ്റിക്‌സ്: മലപ്പുറത്തിന് ചരിത്ര വിജയം

ഓവറോൾ കിരീടം തിരുവനന്തപുരം സ്വന്തമാക്കിയെങ്കിലും, വാശിയേറിയ അത്‌ലറ്റിക്‌സ് മത്സരങ്ങളിൽ 204.3 പോയിന്റോടെ മലപ്പുറം ജില്ല ജേതാക്കളായി. 19 സ്വർണവും, 23 വെള്ളിയും, 19 വെങ്കലവുമാണ് മലപ്പുറം അത്‌ലറ്റിക്‌സിൽ മാത്രം കരസ്ഥമാക്കിയത്. 161.5 പോയിന്റോടെ പാലക്കാട് രണ്ടാമതും, 109 പോയിന്റോടെ ആലപ്പുഴ മൂന്നാമതും എത്തി.

മലപ്പുറം ജില്ലയുടെ അത്‌ലറ്റിക്സ് വിജയത്തിന് പിന്നിൽ ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരി, കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂർ എന്നീ സ്‌കൂളുകളുടെ മികച്ച പ്രകടനമാണ് കരുത്തായത്. അത്‌ലറ്റിക്‌സിൽ ഐഡിയൽ കടകശ്ശേരി സ്‌കൂൾ തുടർച്ചയായ അഞ്ചാം തവണയും ജേതാക്കളായി ചരിത്രമെഴുതി. 75.3 പോയിന്റോടെയാണ് ഐഡിയൽ സ്‌കൂൾ ഒന്നാം സ്ഥാനം നിലനിർത്തിയത്.