കേരളപ്പിറവി ദിനത്തിൽ അമ്മത്തൊട്ടിലിലേക്ക് രണ്ട് കൺമണികൾ കൂടി

തിരുവനന്തപുരം: കേരളത്തിൽ അമ്മത്തൊട്ടിലിലേക്ക് രണ്ട് കുഞ്ഞുങ്ങൾ കൂടി. നവംബർ 1ന് പുലർച്ചെയാണ് സംഭവം. തിരുവനന്തപുരത്ത് രാത്രി 8.46ന് അലാറം മുഴങ്ങിയതിനെ തുടർന്ന് വന്നു നോക്കിയ ജീവനക്കാരാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തൊട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ച് പരിശോധനകൾക്ക് വിധേയമാക്കിയ കുഞ്ഞ് പൂർണ ആരോഗ്യവാനാണ്.
ആദ്യത്തെ കുഞ്ഞിനെ ലഭിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് കോഴിക്കോട് ബീച്ച് ആശുപത്രിയോട് ചേർന്ന് നിർമിച്ച അമ്മത്തൊട്ടിലിൽ നിന്ന് രണ്ടാമത്തെ കുഞ്ഞിനെ ലഭിച്ചു. 10 ദിവസം പ്രായമുള്ള പൂർണ ആൺകുഞ്ഞ് പൂർണ ആരോഗ്യവാനാണ്. കേരളപ്പിറവി ദിനത്തിൽ ലഭിച്ചതിനാൽ തിരുവനന്തപുരത്തെ കുഞ്ഞിന് കേരവ് എന്നും കോഴിക്കോട്ട് ലഭിച്ച കുഞ്ഞിന് പിറവ് എന്നുമാണ് പേര് നൽകിയിരിക്കുന്നത്.
2002ൽ അമ്മത്തൊട്ടിൽ പദ്ധതി ആരംഭിച്ച ശേഷം ലഭിക്കുന്ന യഥാക്രമം 1006, 1007ാമത്തെ കുഞ്ഞുങ്ങളാണിത്. തിരുവനന്തപുരത്തെ 649ാമത്തെ കുട്ടിയും കോഴിക്കോട്ടെ 14ാമത്തെ കുട്ടിയുമാണ്. കോഴിക്കോട് ലഭിച്ച 14 പേരിൽ 8 പേരും പെൺകുട്ടികളാണ്. ഇരുവരുടെയും ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ, അവകാശികളാരെങ്കിലുമുണ്ടെങ്കിൽ എത്രയും വേഗം സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
