രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഗുജറാത്തിന് ഭേദപ്പെട്ട സ്‌കോര്‍

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി ഗുജറാത്ത്. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 300 റണ്‍സെടുത്തിട്ടുണ്ട്. 95 റണ്‍സെടുത്ത ആര്യ ദേശായിയാണ് ഗുജറാത്ത് നിരയിലെ ടോപ് സ്കോറര്‍.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്തിനായി ആര്യ ദേശായിയും അഭിഷേക് ദേശായിയും ചേര്‍ന്നാണ് ഇന്നിങ്‌സ് ആരംഭിച്ചത്. മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ ആര്യ ദേശായ് 56 പന്തുകളില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി തികച്ചു. മറുവശത്ത് അഭിഷേക് ദേശായ് കരുതലോടെയാണ് ബാറ്റ് വീശിയത്. ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 95 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഗുജറാത്ത്.

എന്നാല്‍ ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ സെഷനില്‍ തന്നെ ഗുജറാത്തിന് ആദ്യ പ്രഹരമേറ്റു. 42 റണ്‍സെടുത്ത അഭിഷേക് ദേശായിയെ എം.ഡി. നിധീഷിന്റെ പന്തില്‍ രോഹന്‍ കുന്നുമ്മല്‍ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ വന്ന വേദാന്ത് ത്രിവേദി ഒന്‍പത് റണ്‍സിന് എന്‍.പി. ബേസിലിന്റെ പന്തില്‍ വീണ്ടും രോഹന്‍ കുന്നുമ്മലിന് ക്യാച്ച് നല്‍കി മടങ്ങി.

ചായയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി കേരളം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. 33 റണ്‍സെടുത്ത മനന്‍ ഹിന്‍ഗ്രാജിയ പുറത്തായതിന് പിന്നാലെ, സെഞ്ച്വറിക്ക് വെറും അഞ്ച് റണ്‍സ് അകലെ ആര്യ ദേശായിയും വീണു. 95 റണ്‍സെടുത്ത ആര്യയെ വൈശാഖ് ചന്ദ്രന്റെ പന്തില്‍ വിഷ്ണു വിനോദ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ചായക്ക് ശേഷമുള്ള കളിയുടെ രണ്ടാം ഓവറില്‍ ഒരു റണ്ണെടുത്ത ജയ്മീത് പട്ടേലും ആദിത്യ സര്‍വാത്തെയുടെ പന്തില്‍ പുറത്തായതോടെ ഗുജറാത്ത് അഞ്ചിന് 189 റണ്‍സ് എന്ന നിലയിലായി തകര്‍ന്നു.

എങ്കിലും ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഉര്‍വ്വില്‍ പട്ടേലും വിശാല്‍ ജയ്‌സ്വാളും ചേര്‍ന്ന് ഇന്നിങ്‌സ് കരുത്തോടെ മുന്നോട്ട് നയിച്ച് കേരളത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. പതിവ് ശൈലിയില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഉര്‍വ്വില്‍ പട്ടേല്‍ അതിവേഗമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഉര്‍വ്വില്‍ 63 റണ്‍സുമായും വിശാല്‍ 50 റണ്‍സുമായും പുറത്താകാതെ ക്രീസിലുണ്ട്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ ഇതിനകം തന്നെ 111 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയര്‍ത്തിക്കഴിഞ്ഞു.

കേരളത്തിനായി എം.ഡി. നിധീഷ്, എന്‍.പി. ബേസില്‍, ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ആദിത്യ സര്‍വാടെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ മത്സര ടീമില്‍ നിന്നും ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. അഭിഷേക് ജെ. നായര്‍ക്ക് പകരം രോഹന്‍ കുന്നുമ്മലിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നു.