വാഹന ഉടമകൾക്ക് ഇരട്ട ആശ്വാസം! നികുതി കുടിശ്ശികക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, പിഴയടക്കുന്നതിന് 50 ശതമാനം ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന നികുതി കുടിശ്ശിക തീർക്കാൻ സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ (വൺ ടൈം സെറ്റിൽമെന്റ്) പദ്ധതി പ്രഖ്യാപിച്ചു.
2026 മാർച്ച് 31 വരെയുള്ള നാല് വർഷമോ അതിൽ കൂടുതലോ കാലം നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് പ്രയോജനം ലഭിക്കും. 2027 മാർച്ച് 31 വരെയാണ് സമയം അനുവദിച്ചത്. ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.
ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരം നോൺ-ട്രാൻസ്പോർട്ട് വാഹനങ്ങൾ 2026 മാർച്ച് 31ന് അവസാനിച്ച നാല് വർഷത്തെ നികുതി കുടിശ്ശികയുടെ (പിഴയും പലിശയും ഉൾപ്പെടെ) 40 ശതമാനം അടച്ചാൽ മതി.
ട്രാൻസ്പോർട്ട് വാഹനങ്ങൾ 2026 മാർച്ച് 31ന് അവസാനിച്ച നാല് വർഷത്തെ കുടിശ്ശികയുടെ (പിഴയും പലിശയും ഉൾപ്പെടെ) 30 ശതമാനം അടക്കണം. ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നവർക്ക് ഗ്രീൻ ടാക്സ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കൽ, മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് വിഹിതം എന്നിവയിൽനിന്ന് ഇളവ് ലഭിക്കും.
റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്കും പങ്കുചേരാം. കുടിശ്ശികയോടൊപ്പം ആവശ്യമായ കലക്ഷൻ ചാർജുകൾ കൂടി അടച്ചാൽ റിക്കവറി നടപടി അവസാനിപ്പിക്കും.
ഇതുകൂടാതെ, സംസ്ഥാനത്ത് മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയിൽ 50 ശതമാനം ഇളവ് അനുവദിച്ച് ഇ-ചെലാൻ ആംനസ്റ്റി പ്രഖ്യാപിച്ചു. 2026 മാർച്ച് 31 വരെയുള്ള പിഴകളിലാണ് ഇളവ് ലഭിക്കുക.
മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയ പിഴകൾക്ക് ഈ ആനുകൂല്യം ബാധകമാണ്. 2027 ജനുവരി 31 വരെയാണ് ഇളവോടെ പിഴ അടക്കാൻ സമയം അനുവദിച്ചത്.
ഈ വർഷം മാർച്ച് 31 വരെ 1,00,22,255 ഗതാഗത നിയമലംഘന കേസുകളിലായി 907,74,86,813 രൂപയാണ് പിഴ ഈടാക്കാനുള്ളത്. വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാതെയോ പെർമിറ്റും ഫിറ്റ്നസ് സർട്ടിഫിക്കറ്റും പുതുക്കാതെയോ നിരവധി പേർ വാഹനങ്ങൾ ഉപയോഗിക്കുന്നതിനാൽ ഇ-ചെലാനുകളുടെ എണ്ണം വീണ്ടും വർധിക്കുകയാണ്.
ഒരേ വാഹനത്തിന് ഒന്നിലധികം ചെലാനുകൾ വരുന്നതും ഉയർന്ന പിഴത്തുകയും കാരണം പലരും അടക്കുന്നില്ല. കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് പിഴയിൽ ഇളവ് നൽകാൻ ഗതാഗത കമ്മീഷണർ സർക്കാറിന് ശിപാർശ നൽകിയത്.
കോടതി നടപടികളിലേക്ക് നീങ്ങാത്തതും മോട്ടോർ വാഹന നിയമത്തിലെ നിർദിഷ്ട വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തതുമായ കേസുകൾക്ക് മാത്രമാണ് ഇളവ് അനുവദിക്കുക.
2026 മാർച്ച് 31ന് ശേഷമുള്ള നിയമലംഘനങ്ങൾക്ക് ഇളവില്ല. പുതുതായി ലഭിക്കുന്ന ചെലാനുകളിലെ പിഴകൾ കൃത്യസമയത്ത് ഈടാക്കാൻ കർശന നടപടി സ്വീകരിക്കും.
