ഭാസി മലാപ്പറമ്പ്; ഓർമയാവുന്നത് ലോക ഫുട്ബാളിനെ മലയാളിക്ക് പരിചയപ്പെടുത്തിയയാൾ

കോഴിക്കോട്: ലോക ഫുട്ബാളിനെ മലയാളികൾക്ക് പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു അന്തരിച്ച പ്രമുഖ ഫ്രീലാൻസ് ഫുട്ബാൾ ജേർണലിസ്റ്റ് ഭാസി മലാപ്പറമ്പ്. ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെ ആവേശകരമായ നിമിഷങ്ങൾക്ക് നേരിട്ട് സാക്ഷ്യം വഹിക്കാൻ ഭാഗ്യം ലഭിച്ച അപൂർവം മലയാളി മാധ്യമപ്രവർത്തകരിലൊരാളായിരുന്നു അദ്ദേഹം. കാൽപന്തുകളിയുടെ ആവേശവും വിശ്വതാരങ്ങളെ നേരിട്ട് കണ്ട നിമിഷങ്ങളും വാർത്തകളും മലയാളിക്ക് സ്വന്തം ഭാഷയിൽ എത്തിച്ചുനൽകി അദ്ദേഹം.
മറഡോണയുടെ ദൈവത്തിന്റെ കൈ ഗോൾ, 2006 ലോകകപ്പിൽ സിദാൻ മറ്റരാസിയെ തലകൊണ്ട് ഇടിച്ചിട്ട നിമിഷം എന്നിവയെല്ലാം അദ്ദേഹം നേരിൽകണ്ട് റിപ്പോർട്ട് ചെയ്തു. 1982ൽ സ്പെയിൻ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോൾ മാഡ്രിഡിലെ ഫുട്പാത്തില്വെച്ച് പെലെയെ കണ്ടുമുട്ടിയതും കല്ലായിയിലെ പീടികയില്‍നിന്ന് വാങ്ങിയ ചന്ദനത്തടിയിലെ പെന്‍ നല്കി ഓട്ടോഗ്രാഫ് വാങ്ങിച്ചതും അദ്ദേഹം എഴുതിയിട്ടുണ്ട്. കോഴിക്കോട്ടെ പ്രാദേശിക ഫുട്ബാളിൽ താരമായിരുന്ന അദ്ദേഹം യങ്ങ് ചാലഞ്ചേഴ്സ് ക്ലബ് ക്യാപ്റ്റൻ ആയിരുന്നു.
നാഗ്ജി ഫുട്ബാൾ ടൂർണമെന്റിലടക്കം കളിച്ചിട്ടുണ്ട്. മുഷ്താഖ് അവാർഡ്, യു.എസ്.എ ആസ്ഥാനമായ സായി മാം ഫൗണ്ടേഷന്റെ കായികരംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം, തെക്കൻ കൊറിയയിലെ സോളിലെ ബാബയുടെ ഫോറിൻ ജേർണലിസ്റ്റ് അവാർഡ്, തിരുവനന്തപുരം സ്പോർട്സ് ലവേഴ്സ് അസോസിയേഷൻ ബെസ്റ്റ് വേൾഡ് കപ്പ് റിപ്പോർട്ടർ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കോഴിക്കോടൻ ഫുട്ബാളിന്റെ ചരിത്രം പ്രമേയമാക്കി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പുറത്തിറക്കിയ ‘ലാൻഡ് ഓഫ് ഫുട്ബാൾ’ എന്ന പ്രശസ്ത ഡോക്യുമെന്ററിയിൽ തന്റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. ഭാസി മലാപ്പറമ്പിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിക്കുകയാണ് കായിക ലോകം.
