പി.എസ്.സി പരീക്ഷാക്രമക്കേട്; ഹരിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും, സതീഷിന്റെ ജാമ്യാപേക്ഷയും പരിഗണിക്കും

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ ക്രമക്കേട് കേസിൽ അറസ്റ്റിലായ അഡീഷനൽ സെക്രട്ടറി ആർ. ഹരിയെ വിജിലൻസ് സംഘം ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കും. കേസിൽ ആദ്യം അറസ്റ്റിലായ ഒന്നാം പ്രതി മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിന്റെ ജാമ്യാപേക്ഷയും കോടതി ബുധനാഴ്ച പരിഗണിക്കും. ഒരു ദിവസത്തെ വിജിലൻസ് കസ്റ്റഡിയിൽ വിട്ട ഒന്നാം പ്രതി സതീഷിനെ വിജിലൻസ് വിശദമായി ചോദ്യം ചെയ്തു. എന്നാൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം വൃത്തങ്ങൾ പറയുന്നത്.
പി.എസ്.സി നടത്തിയ ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പിന്റെ വ്യാപ്തി, ഇതിനുപിന്നിൽ പ്രവർത്തിച്ച മറ്റ് ഉന്നതർ, സതീഷും ആർ. ഹരിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച് ഇരുവരേയും ഒരുമിച്ചിരുത്തി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് വിജിലൻസിന്റെ നിലപാട്. തുടരന്വേഷണത്തിനായി പ്രതികളെ കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ചെയർമാൻ ഉൾപ്പെടെ പി.എസ്.സി അധികൃതർക്ക് എതിരായ മൊഴി ലഭിച്ച സാഹചര്യത്തിൽ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എസ്.ഐ.ടി. അതിനിടെ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിനെതിരെ പി.എസ്.സി സെക്രട്ടറി സാജു ജോർജ് നൽകിയ മൊഴിയുടെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്.
എം.ആർ. ബൈജു സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെടുക്കുന്നതെന്നും എന്തെങ്കിലും വിവാദമുണ്ടായാൽ അത് ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവക്കുന്ന രീതിയാണ് തുടരുന്നതെന്നുമുള്ള മൊഴിയാണ് സെക്രട്ടറിയുടേത്. നിലവിൽ ആസൂത്രണ ബോർഡ് പരീക്ഷ ഉൾപ്പെടെ നാല് ക്രമക്കേടുകളിലാണ് എസ്.ഐ.ടി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡിവൈ.എസ്.പി നിയമനക്രമക്കേട് സംബന്ധിച്ച പരാതിയും എസ്.ഐ.ടിയുടെ അന്വേഷണത്തിന് കൈമാറിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് ലഭിച്ച പരാതിയാണ് എസ്.ഐ.ടിയുടെ പരിഗണനക്ക് വിട്ടത്. പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെ നടപടി അന്വേഷണസംഘം കൈക്കൊള്ളും.
