കെ. സുരേന്ദ്രന്റെ അഭിമുഖം ഏഷ്യാനെറ്റ് മുക്കി; അഹങ്കാരം സർവനാശമാണന്ന് ദീപാവലി പോസ്റ്റ്, രാജീവ് ചന്ദ്രശേഖറിനെ ഉന്നമിട്ടെന്ന് കമന്റ്

തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പിയിൽ തർക്കങ്ങളും ആഭ്യന്തര കലഹങ്ങളും രൂക്ഷമാകുന്നു. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നടത്തിയ വെളിപ്പെടുത്തലുകളും തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് ഇപ്പോൾ പുതിയ പോരിലേക്ക് വഴിതുറന്നിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഫണ്ടിൽ തിരിമറികൾ നടന്നിട്ടുണ്ടെന്നും അതിൽ നടപടിയുണ്ടായെന്നും ഏഷ്യാനെറ്റ് ചാനലിന് നൽകിയ അഭിമുഖത്തിൽ കെ. സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. സി.പി.എം നേതാവ് പി.പി. ദിവ്യയെ ബി.ജെ.പിയിൽ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏഷ്യാനെറ്റ് ചാനൽ നൽകാനിരുന്ന ഈ അഭിമുഖവും ഇതിന്റെ പ്രമോയും പിന്നീട് ഒഴിവാക്കുകയാണുണ്ടായത്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റും ഏഷ്യാനെറ്റ് ചാനലിന്റെ ഉടമയുമായ രാജീവ് ചന്ദ്രശേഖറിന്റെ താൽപ്പര്യപ്രകാരമാണ് ഈ അഭിമുഖം പിൻവലിച്ചതെന്നാണ് സൂചനകൾ. രാഷ്ട്രീയ നേതാവായ ചാനൽ മുതലാളിയുടെ താൽപ്പര്യത്തിന് വഴിപ്പെട്ട് സ്വന്തം പാർട്ടിയുടെ മുൻ നേതാവിന്റെ അഭിമുഖം പോലും ഒഴിവാക്കേണ്ടി വന്ന സംഭവത്തെ പരിഹസിച്ച് മുൻ ബി.ജെ.പി നേതാവും കോൺഗ്രസ് എം.എൽ.എയുമായ സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിപ്പിട്ടു. കേരളത്തിന്റെ മാധ്യമ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു സംഭവമെന്നും “എന്തായാലും നേരോടെ നിർഭയം നിരന്തരം തമ്മിലടി തുടരട്ടെ” എന്നും സന്ദീപ് വാര്യർ കുറിച്ചു.
ഇതിനു പിന്നാലെ, സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച ദീപാവലി ആശംസാ കുറിപ്പും വലിയ ചർച്ചയായിട്ടുണ്ട്. രാവണന്റെയും നരകാസുരന്റെയും കഥകൾ പരാമർശിച്ച്, “അഹങ്കാരവിമൂഢാത്മാ കർത്താഹമിതി മന്യത” എന്ന ഗീതാശ്ലോകം ഉദ്ധരിച്ചാണ് സുരേന്ദ്രൻ പോസ്റ്റിട്ടത്. എല്ലാം താൻ ചെയ്തതാണെന്നും തന്റെ കഴിവുകൊണ്ടു മാത്രമാണ് വിജയമെന്നും കരുതുന്നതാണ് അഹങ്കാരത്തിന്റെ അടിസ്ഥാന സ്വഭാവമെന്ന് പോസ്റ്റിൽ സുരേന്ദ്രൻ ഓർമ്മിപ്പിക്കുന്നു. ഇത് രാജീവ് ചന്ദ്രശേഖറിനെ ഉന്നമിട്ടതാണെന്നാണ് കമന്റ് ബോക്സിലെ പ്രതികരണങ്ങൾ.
സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയെ ബി.ജെ.പിയിൽ സ്വീകരിക്കില്ലെന്നും ഇത്തരം ആളുകൾക്ക് വരാനുള്ള വഴിയമ്പലമല്ല പാർട്ടിയെന്നും പറഞ്ഞ സുരേന്ദ്രൻ ദിവ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസിനെ പൂർണമായും തള്ളിയിരുന്നു. ‘കൃഷ്ണദാസ് അങ്ങനെ പറയില്ല. പി.പി. ദിവ്യ ആരാണ്? അവർ അഴിമതിക്കാരിയാണ്. ഇത്തരക്കാർക്ക് വരാൻ ഇത് വഴിയമ്പലമല്ല. അവരെ ബി.ജെ.പിയിൽ എടുക്കില്ല’ -സുരേന്ദ്രൻ വ്യക്തമാക്കി. എ.ഡി.എം നവീൻ ബാബു മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി ഏറ്റവുമധികം പരിശ്രമിച്ചതും പോരാടിയതും ബി.ജെ.പിയാണെന്നും അതിനാൽ ദിവ്യയെപ്പോലൊരാളെ പർട്ടിയിൽ എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ദിവ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന രീതിയിൽ കൃഷ്ണദാസ് നടത്തിയ പ്രസ്താവന രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ദിവ്യ നിലപാട് വ്യക്തമാക്കട്ടെയെന്ന് പറഞ്ഞ കൃഷ്ണദാസ്, വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം പോരല്ലോയെന്നും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഫണ്ടിൽ ക്രമക്കേട് കണ്ടെത്തിയെന്നും സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. കൃത്യമായ ഓഡിറ്റ് നടക്കുന്നതുകൊണ്ടാണ് ഇത് കണ്ടെത്തുന്നതും നടപടി എടുക്കുന്നതും. ഇപ്പോൾ ചില ആൾക്കാർക്കെതിരെ നടപടിയെടുത്തെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ. സുരേന്ദ്രന്റെ ദീപാവലി പോസ്റ്റിന്റെ പൂർണരൂപം
ദീപാവലി കേവലം ദീപങ്ങളുടെ ആഘോഷം മാത്രമല്ല. തിന്മയുടെ മേൽ നന്മയുടെ വിജയമാണ് ദീപാവലി. രാവണനിഗ്രഹം നടത്തിയ രാമനായാലും നരകാസുരനെ വധിച്ച കൃഷ്ണനായാലും ദേവാസുരയുദ്ധത്തിൽ പാലാഴിമഥനത്തിനിടയിൽ അസുരഗണത്തെ തോൽപ്പിച്ച് മഹാലക്ഷ്മിയെ ദേവന്മാർ സ്വന്തമാക്കിയതായാലും ധർമ്മവിജയം. രാവണൻ ധനികനും അപാര പണ്ഡിതനും സർവ്വശാസ്ത്ര വിശാരദനും ത്രിലോകഞ്ജാനിയുമായിരുന്നു. പക്ഷെ അഹങ്കാരം അദ്ദേഹത്തെ സർവ്വ നാശത്തിലേക്കാണ് നയിച്ചത്. നരകാസുരനെ വധിച്ച സാക്ഷാൽ കൃഷ്ണൻ ഗീതയിൽ ഇതു തന്നെ പറയുന്നു
“പ്രകൃതേഃ ക്രിയമാണാനി
ഗുണൈഃ കർമ്മാണി സർവശഃ।
അഹങ്കാരവിമൂഢാത്മാ
കർത്താഹമിതി മന്യത”… അർത്ഥം ലളിതമായി പറഞ്ഞാൽ എല്ലാം താൻ ചെയ്തതാണെന്നും തന്റെ കഴിവുകൊണ്ടു മാത്രമാണ് വിജയമെന്നും കരുതുന്നതാണ് അഹങ്കാരത്തിന്റെ അടിസ്ഥാന സ്വഭാവം. എല്ലാവർക്കും ഹൃദ്യമായ ദീപാവലി ആശംസകൾ…
