സ്വയംഭരണ പദവിയുടെ മറവിൽ സ്വശ്രയ സീറ്റ് വിൽപന:പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പിണറായി

തിരുവനന്തപുരം: സ്വയംഭരണ പദവിയുടെ മറവിൽ ഉന്നതവിദ്യാഭ്യാസ മേഖലയെ കോർപ്പറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്‌മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കാനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

സർക്കാർ/എയ്ഡഡ്, ഓട്ടോണോമസ് കോളജുകളിൽ ആരംഭിക്കുന്ന പുതിയ കോഴ്സുകൾക്കും സീറ്റ് വർധനവിനും സർക്കാരിന്റെ മുൻകൂർ അംഗീകാരം നിർബന്ധമാണെന്ന് 2026 സെപ്റ്റംബർ 11ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിലെ (നമ്പർ: E2/184/2026-HEDN) അഞ്ചാം വകുപ്പിൽ വളരെ വ്യക്തമായി നിഷ്കർഷിച്ചിരുന്നതാണ്. സർക്കാർ തലത്തിലുള്ള കർശന പരിശോധനയും നിയന്ത്രണവും ഉറപ്പുവരുത്തുന്ന ഈ വ്യവസ്ഥ നിലനിൽക്കെയാണ്, മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി നടത്തിയത്.

സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകളിൽ തോന്നുംപടി അൺഎയ്ഡഡ് കോഴ്സുകൾ തുടങ്ങുന്നതിനും സീറ്റുകൾ വർധിപ്പിക്കുന്നതിനും സർക്കാരിന്റെ നിരാക്ഷേപ പത്രം വേണ്ടെന്ന ഇപ്പോഴത്തെ വ്യവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. ഒരു ആവശ്യകതാ പഠനവും നടത്താതെയും നിലവിലെ റെഗുലേറ്ററി സംവിധാനങ്ങളെ പൂർണമായി നോക്കുകുത്തിയാക്കിയും സീറ്റുകൾ തോന്നിയപോലെ വർധിപ്പിക്കാൻ അനുമതി നൽകുന്നത് വിദ്യാഭ്യാസ കച്ചവടത്തിന് വഴിതുറന്നുകൊടുക്കലാണ്. എയ്ഡഡ് കോളജുകളിൽ സ്വാശ്രയ കോഴ്സുകൾ വ്യാപകമായി അനുവദിക്കില്ലെന്ന് പരമോന്നത നീതിപീഠത്തിന് മുൻപിൽ നൽകിയ ഉറപ്പുകൾ കാറ്റിൽപ്പറത്തിയാണ് ഈ വഴിവിട്ട ഒത്തുകളി നടക്കുന്നത്.

മാനേജ്‌മെന്റ് പ്രതിനിധികൾ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് തൊട്ടുപിന്നാലെ ഇത്തരം വൻ ഇളവുകൾ പ്രഖ്യാപിച്ചത് ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് സർക്കാർ വ്യക്തമാക്കണം. വർഷാവർഷമുള്ള പരിശോധനകൾ റദ്ദാക്കിയതും, അഡ്മിഷൻ കഴിഞ്ഞ ശേഷം മാത്രം വിവരം സർക്കാരിനെ അറിയിച്ചാൽ മതിയെന്ന ഇളവും മെറിറ്റും സംവരണവും അട്ടിമറിച്ച് കോഴ വാങ്ങി സീറ്റ് വിൽക്കാനുള്ള പരസ്യമായ ഒത്താശയാണ്.

സർക്കാർ നിയന്ത്രണങ്ങൾ പാടെ എടുത്തുകളഞ്ഞ് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പഠനാവകാശങ്ങളെ തകർക്കുന്നതാണ് ഈ നടപടികൾ. സെപ്റ്റംബർ 11-ലെ ഉത്തരവിലെ വ്യവസ്ഥകൾ അട്ടിമറിച്ച് മാനേജ്‌മെന്റുകൾക്ക് മുന്നിൽ മുട്ടുമടക്കിയതിന് പിന്നിലെ അവിശുദ്ധ നീക്കങ്ങളെക്കുറിച്ച് സമഗ്രമായ നിയമപരിശോധന നടത്താൻ സർക്കാർ തയ്യാറാകണം.