ഫയറായി ഫെർമിൻ, മെട്രോപൊളിറ്റാനോയിൽ അത്‍ലറ്റിക്കോയെ വീഴ്ത്തി ബാഴ്‌സ

മഡ്രിഡ്: ഫെർമിൻ ലോപ്പസിന്റെ ഇരട്ടഗോൾ മികവിൽ അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ ബാഴ്‌സലോണയ്ക്ക് തകർപ്പൻ ജയം. ജയത്തോടെ ലാ ലിഗ പോയിന്റ് പട്ടികയിൽ ബാഴ്‌സ ഒന്നാം സ്ഥാനം കൂടുതൽ ഭദ്രമാക്കി. അത്‌ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടായ മെട്രോപൊളിറ്റാനോയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് കാറ്റലൻ സംഘത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് (2-1).

ഫെർമിൻ ലോപ്പസ് രണ്ട് ഗോളുകൾ നേടിയപ്പോൾ, യുവതാരം ലമീൻ യമാൽ വിജയഗോളിന് വഴിയൊരുക്കി. 12 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി ബാഴ്‌സലോണ ലീഗിൽ ഒന്നാമതാണ്. രണ്ടാം സ്ഥാനത്തുള്ള റയൽ മഡ്രിഡിനേക്കാൾ മൂന്ന് പോയിന്റ് മുന്നിലാണ് ബാഴ്‌സ. 28 പോയിന്റുള്ള അത്ലറ്റിക്കോ മഡ്രിഡ് മൂന്നാം സ്ഥാനത്ത് തുടരുന്നു.

മത്സരത്തിന്റെ പത്താം മിനിറ്റിൽ ജൂലിയാനോ സിമിയോണിയിലൂടെ അത്ലറ്റിക്കോയാണ് ആദ്യം ലീഡെടുത്തത്. ജൂലിയൻ അൽവാരസ് നൽകിയ കൃത്യമായ താഴ്ന്ന ക്രോസ് സിമിയോണി അനായാസം വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ ആതിഥേയരുടെ മുന്നേറ്റങ്ങൾക്ക് മുന്നിൽ ബാഴ്‌സ പതറി.

ഇരുടീമുകളും ഓരോ തവണ പന്ത് പോസ്റ്റിലിടിച്ച് മടങ്ങിയത് അത്‌ലറ്റിക്കോക്ക് തിരിച്ചടിയായി. എന്നാൽ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ബാഴ്‌സ തിരിച്ചടിച്ചു. അത്ലറ്റിക്കോ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത ഫെർമിൻ ലോപ്പസ് പന്ത് വലയിലെത്തിച്ച് ആദ്യ പകുതിയിൽ തന്നെ സമനില പിടിച്ചു (1-1).

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണോത്സുകമായ ശൈലിയാണ് ബാഴ്‌സ പുറത്തെടുത്തത്. മത്സരത്തിന്റെ 66-ാം മിനിറ്റിൽ ഫെർമിനിലൂടെ അവർ വിജയഗോൾ കണ്ടെത്തി. ലമീൻ യമാൽ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച ഫെർമിൻ ലോപ്പസ്, അത്‌ലറ്റിക്കോ ഗോൾകീപ്പർ യാൻ ഒബ്ലാക്കിനെ കബളിപ്പിച്ച് പന്ത് പോസ്റ്റിലേക്കുയർത്തിവിട്ടു. ഗോൾ മടക്കാനായി അത്‌ലറ്റിക്കോ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബാഴ്‌സ ഗോൾകീപ്പർ ജോവാൻ ഗാർസിയയുടെ നേതൃത്വത്തിലുള്ള പ്രതിരോധക്കോട്ട തകർക്കാൻ അവർക്കായില്ല.

രണ്ടാം പകുതിയിലെ ടീമിന്റെ മികച്ച പ്രകടനത്തിൽ ബാഴ്‌സ പരിശീലകൻ ഹാൻസി ഫ്ലിക് സന്തോഷം പ്രകടിപ്പിച്ചു. മത്സരത്തിന്റെ തുടക്കത്തിൽ ആവശ്യത്തിന് തീവ്രത പുലർത്താൻ കഴിഞ്ഞില്ലെങ്കിലും, രണ്ടാം പകുതിയിൽ കളി പൂർണമായും നിയന്ത്രിക്കാൻ ടീമിന് സാധിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. കളിക്കാരുടെ നിലവാരത്തിലും ആത്മവിശ്വാസത്തിലും പൂർണ്ണ വിശ്വാസമുണ്ടെന്നും ഫ്ലിക് മത്സരശേഷം പ്രതികരിച്ചു.