സ്വ​യം​ഭ​ര​ണ കോ​ള​ജ്​:സമ്മർദം, പിന്നെ തിരുത്ത്; സ​ർ​ക്കു​ല​ർ​ തി​രു​ത്തി​യ​ത് മാ​നേ​ജ്​​മെ​ന്‍റു​ക​ൾ മ​ന്ത്രി​യെ ക​ണ്ട ശേ​ഷം

തിരുവനന്തപുരം: എയ്ഡഡ്, സ്വാശ്രയ സ്വയംഭരണ കോളജുകളിൽ സർക്കാർ അനുമതിയില്ലാതെ യഥേഷ്ടം സ്വാശ്രയ കോഴ്സ് തുടങ്ങാനുള്ള സർക്കുലർ പുറത്തിറങ്ങിയത് സ്വകാര്യ മാനേജ്മെന്‍റുകളുടെ കടുത്ത സമ്മർദത്തിലെന്നതിന്‍റെ രേഖകൾ പുറത്ത്. സ്വയംഭരണ കോളജുകളിൽ ആരംഭിക്കുന്ന പുതിയ കോഴ്സുകൾക്കും നിലവിലുള്ള കോഴ്സുകളിലെ സീറ്റ് വർധനവിനും സർക്കാറിന്‍റെ മുൻകൂർ അംഗീകാരം വാങ്ങണമെന്ന സർക്കുലർ ഇറക്കിയ ശേഷമാണ് ഇത് തിരുത്തി പുതിയ സർക്കുലർ ഇറക്കിയത്.

സെപ്റ്റംബർ 11ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലർ പ്രകാരം സ്വയംഭരണ കോളജുകൾക്ക് പുതിയ കോഴ്സിനും സീറ്റ് വർധനവിനും സർക്കാറിന്‍റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ഒക്ടോബർ ഒന്നിന് സ്വയംഭരണ കോളജ് മാനേജ്മെന്‍റ് പ്രതിനിധികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ നേരിൽ കണ്ട് പുതിയ കോഴ്സ് തുടങ്ങുന്നതിനും സീറ്റ് വർധനവിനുമുള്ള നിയന്ത്രണങ്ങൾ പൂർണമായി നീക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി.

പിന്നാലെയാണ് ഇതുസംബന്ധിച്ച് സർക്കാർ തലത്തിൽ പരിശോധന നടത്തി എയ്ഡഡ് സ്വയംഭരണ കോളജുകൾക്കും സ്വകാര്യ സ്വാശ്രയ സ്വയംഭരണ കോളജുകൾക്കും സർക്കാർ അനുമതിയില്ലാതെ യഥേഷ്ടം പുതിയ കോഴ്സുകൾ തുടങ്ങാനും സീറ്റ് വർധനവിനും അനുമതി നൽകി നവംബർ ആറിന് പുതുക്കിയ സർക്കുലർ പുറപ്പെടുവിച്ചത്.

സ്വാശ്രയ സ്വയംഭരണ കോളജ് മാനേജ്മെന്‍റ് പ്രതിനിധികൾ ഉൾപ്പെടെയുള്ള സംഘമാണ് മന്ത്രി റോജി എം. ജോണിനെ നേരിൽ കണ്ട് ആവശ്യം അറിയിച്ചത്. സംസ്ഥാനത്ത് സ്വയംഭരണ കോളജുകൾക്ക് 2014ൽ അനുമതി നൽകിയത് മുതൽ സാമൂഹിക നിയന്ത്രണത്തിന്‍റെ ഭാഗമായി കൊണ്ടുവന്ന എൻ.ഒ.സി സമ്പ്രദായമാണ് സർക്കുലറിലൂടെ സർക്കാർ എടുത്തുകളഞ്ഞത്. ഇത്തരം കോഴ്സുകളിൽ ചേരുന്ന കുട്ടികൾക്കുള്ള ഗ്യാരണ്ടി കൂടിയായിരുന്നു സർക്കാർ നൽകുന്ന എൻ.ഒ.സി. കോഴ്സ് നടത്താനുള്ള കൃത്യമായ മാർഗനിർദേശങ്ങളടക്കമാണ് സർക്കാർ എൻ.ഒ.സി നൽകിയിരുന്നത്.

എൻ.ഒ.സി നിബന്ധന പിൻവലിക്കുന്നതോടെ സ്വകാര്യ സ്വാശ്രയ സ്വയംഭരണ കോളജുകൾക്ക് ഉൾപ്പെടെ യഥേഷ്ടം കോഴ്സ് തുടങ്ങാൻ കഴിയും. സർവകലാശാല സിൻഡിക്കേറ്റുകളിലേക്ക് സ്വയംഭരണ കോളജ് അധ്യാപകർ ഉൾപ്പെടെയുള്ളവരെ കൂട്ടത്തോടെ സർക്കാർ നാമനിർദേശം ചെയ്തതിനാൽ, സർവകലാശാലകളുടെ പരിശോധനയിലും ആശങ്ക ഉയർന്നിട്ടുണ്ട്.

ഉത്തരവ് പിൻവലിക്കണം

സ്വയംഭരണ പദവിയുടെ മറവിൽ ഉന്നതവിദ്യാഭ്യാസ മേഖലയെ കോർപറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്‌മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കാനുള്ള സർക്കുലർ പിൻവലിക്കണം. സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകളിൽ തോന്നുംപടി അൺഎയ്ഡഡ് കോഴ്സുകൾ തുടങ്ങാനും സീറ്റുകൾ വർധിപ്പിക്കാനും സർക്കാരിന്റെ എൻ.ഒ.സി വേണ്ടെന്ന വ്യവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. ഒരു ആവശ്യകതാ പഠനവും നടത്താതെയും നിലവിലെ റെഗുലേറ്ററി സംവിധാനങ്ങളെ പൂർണമായി നോക്കുകുത്തിയാക്കിയും സീറ്റുകൾ തോന്നിയപോലെ വർധിപ്പിക്കാൻ അനുമതി നൽകുന്നത് വിദ്യാഭ്യാസ കച്ചവടത്തിന് വഴിതുറന്നുകൊടുക്കലാണ്.