‘സ്നേഹത്തിന്റെയും നഷ്ടത്തിന്റെയും ജീവിതകഥ’; സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് വായിക്കാനുള്ള ആകാംക്ഷയിലെന്ന് സതീശൻ

തിരുവനന്തപുരം: സഹാനുഭൂതിയാണ് രാഷ്ട്രീയത്തിന്റെ യഥാർഥ അടിത്തറയെന്നും കരുതലും ഉത്തരവാദിത്തബോധവും നിശ്ശബ്ദമായ ധൈര്യവുമാണ് യഥാർഥ നേതൃത്വത്തിന്റെ കരുത്തെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകം ലഭിച്ചതിനെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ദീർഘകാലം കോൺഗ്രസ് അധ്യക്ഷയായും യു.പി.എ അധ്യക്ഷയായും പാർട്ടിയെ നയിച്ച സോണിയ ഗാന്ധിയുടെ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന അനുഭവമാണെന്ന് അദ്ദേഹം കുറിച്ചു.

അക്കാലത്ത് എം.എൽ.എയും പാർട്ടി പ്രവർത്തകനുമായിരുന്ന തനിക്ക് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽനിന്ന് ഏറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞെന്നും ഓർമിച്ചു.

ആത്മാർഥതയോടെ പൊതുപ്രവർത്തനം നടത്താൻ ആഗ്രഹിക്കുന്ന പുതുതലമുറക്ക് സോണിയ ഗാന്ധി ഇന്നും പ്രചോദനമാണ്. സഹാനുഭൂതിയും കരുതലും ഉത്തരവാദിത്തബോധവും നിറഞ്ഞ അവരുടെ ജീവിതം യഥാർഥ നേതൃത്വത്തിന്റെ കരുത്ത് എന്താണെന്ന് ഓർമിപ്പിക്കുന്നതായും സതീശൻ കുറിച്ചു.

പുസ്തകത്തിന്റെ പുറംചട്ടയിലെ ചിത്രത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. 1966ൽ ഇറ്റലിയിലെ ടൂറിനിൽവെച്ച് രാജീവ് ഗാന്ധി പകർത്തിയ ചിത്രമാണ് പുറംചട്ടയിൽ ഉപയോഗിച്ചിരിക്കുന്നത്.

മോഡേൺ ബുക്സിൽനിന്നാണ് തനിക്ക് പുസ്തകം ലഭിച്ചത്. സ്നേഹത്തിന്റെയും നഷ്ടത്തിന്റെയും സ്വന്തമെന്ന ബോധ്യത്തിന്റെയും ജീവിതകഥ പറയുന്ന പുസ്തകം വായിച്ചുതീർക്കാനുള്ള ആകാംക്ഷയിലാണ് താനെന്നും സതീശൻ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സോണിയ ഗാന്ധിയുടെ ഓര്‍മ്മക്കുറിപ്പായ ‘ബിലോംഗിങ്: എ ജേര്‍ണി ഓഫ് ലവ്’ (Belonging: A Journey of Love) മോഡേൺ ബുക്സിൽ നിന്നും ലഭിച്ചു.

ദീര്‍ഘകാലം കോണ്‍ഗ്രസ് അധ്യക്ഷയായും യു.പി.എ അധ്യക്ഷയായും പാര്‍ട്ടിയെ നയിച്ച സോണിയ ഗാന്ധിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നത് രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന അനുഭവമാണ്. ആ കാലത്ത് എം.എല്‍.എയും പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്ന എനിക്ക് സോണിയാജിയുടെ നേതൃത്വത്തില്‍ നിന്ന് ഏറെ പഠിക്കാനായി.

സഹാനുഭൂതിയാണ് രാഷ്ട്രീയത്തിന്റെ യഥാര്‍ഥ അടിത്തറയെന്നും കരുതലും ഉത്തരവാദിത്വബോധവും നിശബ്ദമായ ധൈര്യവുമാണ് യഥാര്‍ഥ നേതൃത്വത്തിന്റെ കരുത്തെന്നും സോണിയ ഗാന്ധിയുടെ ജീവിതം ഓര്‍മിപ്പിക്കുന്നു. ആത്മാര്‍ഥതയോടെ പൊതുപ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് സോണിയാ ഗാന്ധി ഇന്നും പ്രചോദനമാണ്.

പുസ്തകത്തിന്റെ പുറംചട്ടയിലെ ചിത്രം 1966-ല്‍ ടൂറിനില്‍ വച്ച് രാജീവ് ഗാന്ധി പകര്‍ത്തിയതാണ്.

സ്‌നേഹത്തിന്റെയും നഷ്ടത്തിന്റെയും സ്വന്തമെന്ന ബോധ്യത്തിന്റെയും ജീവിതകഥ പറയുന്ന ഈ പുസ്തകം വായിച്ചു തീര്‍ക്കാനുള്ള ആകാംക്ഷയിലാണ് ഞാന്‍.