ജിദ്ദയിൽ വീണ്ടും ഫുട്ബാൾ ആവേശം: മുടങ്ങിക്കിടന്നിരുന്ന സിഫ്-റബിഅ ടി ടൂർണമെന്റ് ഫൈനൽ പോരാട്ടങ്ങൾ നവംബർ 13 ന്

ജിദ്ദ: ഒരു വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ജിദ്ദയിലെ കാൽപ്പന്തുകളി പ്രേമികൾക്ക് ആവേശം പകർന്നുകൊണ്ട് സിഫ്-റബിഅ ടി ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ മത്സരങ്ങൾക്ക് വീണ്ടും കളമൊരുങ്ങുന്നു. ‘നിസ് അറേബ്യ’യുടെ നേതൃത്വത്തിൽ അരങ്ങേറുന്ന ഈ ഫുട്ബാൾ മാമാങ്കം ഈ മാസം 13 ന് വെള്ളിയാഴ്ചയാണ് നടക്കുക. ഫുട്ബാൾ കായിക പ്രതിഭകൾക്ക് തങ്ങളുടെ മികവ് തെളിയിക്കാനുള്ള ഈ വൻ പോരാട്ടം സൗദി സ്പോർട്സ് അതോറിറ്റിയുടെ പൂർണ്ണ അനുമതിയോടെ ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ അൽറുസൂഖ് സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്. മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളിലായി പോരാട്ടവീര്യം നിറഞ്ഞ ആറ് ടീമുകളാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.
വൈകുന്നേരം 6:15-ന് അരങ്ങേറുന്ന അണ്ടർ-17 വിഭാഗം ഫൈനലോടെയാണ് കലാശപ്പോരാട്ടങ്ങൾക്ക് തിരിതെളിയുക. യുവപ്രതിഭകൾ അണിനിരക്കുന്ന ഈ വാശിയേറിയ പോരാട്ടത്തിൽ ഗ്രീൻ ബോക്സ് ലോജിസ്റ്റിക് ടാലന്റ് ടീൻസ് ഫുട്ബാൾ അക്കാദമി, ഇ.എഫ്.എസ് ലോജിസ്റ്റിക് ജെ.എസ്.സി സോക്കർ അക്കാദമിയെ നേരിടും. തുടർന്ന് രാത്രി എട്ട് മണിക്ക് നടക്കുന്ന ബി ഡിവിഷൻ ഫൈനൽ പോരാട്ടത്തിൽ അഹ്ദാബ് ഇന്റർനാഷനൽ സ്കൂൾ ചാർമ്സ് ന്യൂ കാസിൽ എഫ്.സിയും ഡേ ബൈ ഡേ മാർക്കറ്റ് യാസ് എഫ്.സിയും തമ്മിൽ നേർക്കുനേർ കൊമ്പുകോർക്കും.
രാത്രി 9:30-ന് നടക്കുന്ന ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എ ഡിവിഷൻ മെഗ ഫൈനലിൽ ശക്തരായ റീം അൽ ഉല ഈസ്ടി സബീൻ എഫ്.സിയും എച്ച്.എം.ആർ റിയൽ കേരള എഫ്.സിയും ട്രോഫിക്കായി പൊരുതും.
നാട്ടിൽ നിന്നും സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നിന്നുമായി നിരവധി പ്രഗത്ഭരായ പ്രൊഫഷനൽ കളിക്കാർ ഇതിനോടകം ഫൈനൽ പോരാട്ടങ്ങൾക്കായി ജിദ്ദയിൽ എത്തിച്ചേർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഫുട്ബാൾ ആരാധകർക്ക് മറക്കാനാവാത്ത ഒരു കായിക വിരുന്നും വീറും വാശിയും നിറഞ്ഞ കടുത്ത പോരാട്ടങ്ങളും വെള്ളിയാഴ്ച അൽറുസൂഖ് സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കാമെന്ന് സംഘാടക സമിതി അറിയിച്ചു.
