പോസ്റ്റ് ചെയ്ത റീൽ തന്നെ വഴിത്തിരിവായി; ട്രെയിനില്‍ വയോധികയുടെ സ്വർണം മോഷ്ടിച്ച ഇന്‍ഫ്‌ളുവന്‍സര്‍ അറസ്റ്റിൽ

പാലക്കാട്: ട്രെയിനില്‍വെച്ച് വയോധികയുടെ സ്വർണം മോഷ്ടിച്ച ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അറസ്റ്റിൽ. തമിഴ്‌നാട് ദിണ്ടിഗല്‍ സ്വദേശിയായ ബാലമുരുകന്‍ എന്ന യുവാവാണ് പൊലീസിന്റെ പിടിയിലായത്. പാലക്കാട് നിന്നാണ് ട്രെയിനിൽനിന്ന് ഇയാൾ വയോധികയിൽനിന്ന് 50 പവന്‍ സ്വര്‍ണം മോഷ്ടിച്ചത്. 600ലധികം സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചെങ്കിലും ഇയാൾ തന്നെ സ്വന്തം ഇന്‍സ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത റീലാണ് കേസില്‍ വഴിത്തിരിവായത്.

ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം. സംഭവം. ചൈന്നെയില്‍ നിന്ന് ചെങ്ങന്നൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് വയോധികയുടെ സ്വര്‍ണം കവര്‍ന്നത്. തൃശൂരെത്തിയപ്പോഴാണ് സ്വര്‍ണം കാണാനില്ലെന്ന് വയോധികയ്ക്ക് മനസിലായത്.

തുടർന്ന് പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതും തുടരന്വേഷണത്തിൽ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറാണെന്ന് പൊലീസ് അറിയുന്നതും. പിന്നീട് അതുവഴിയായിരുന്നു പൊലീസ് തിരിഞ്ഞത്. താനെവിടെയൊക്കെ സഞ്ചരിക്കുന്നുവെന്നതും മറ്റുമുള്ള എല്ലാ വിവരങ്ങളും ബാലമുരുകന്‍ ഇന്‍സ്റ്റയില്‍ സ്റ്റോറിയായും റീലായും പങ്കുവെക്കുമായിരുന്നു. അങ്ങനെ യുവാവ് പോസ്റ്റ് ചെയ്ത സ്വന്തം വിഡിയോ റീൽ ആണ് ബാലമുരുകനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.

സേലത്തുനിന്നാണ് പ്രതി ട്രെയിനില്‍ കയറിയിരുന്നത്. പാലക്കാടെത്തിയപ്പോഴേക്കും സ്വര്‍ണം മോഷ്ടിച്ച് പ്രതി പാലക്കാട് തന്നെ സ്റ്റേഷനിലിറങ്ങി തമിഴ്‌നാട്ടിലേക്ക് രക്ഷപെടുകയായിരുന്നു എന്നാണ് വിവരം. റീലിലെ ലൊക്കേഷൻ അനുസരിച്ച് കോയമ്പത്തൂരില്‍ എത്തിയ പൊലീസ് മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പൊലീസും ആര്‍.പി.എഫും ചേർന്നാണ് ബാലമുരുകനെ അറസ്റ്റ് ചെയ്തത്.

ചെന്നൈയിലുള്ള ബന്ധുവീട്ടില്‍ നിന്ന് മടങ്ങവേ ആയിരുന്നു. ഒരു വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന 50 പവന്‍ സ്വര്‍ണം തിരികെ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് വയോധിക പറഞ്ഞു. ബസുകള്‍ മാറി കയറിയും പല ദിശയിലേക്ക് പോകുന്ന ട്രെയിനുകളില്‍ മാറി കയറിയും അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതി ശ്രമിച്ചതായി പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ് പൊലീസ്.