വളർമതിയുടെ സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്ഐ, യുവമോർച്ച; നിരാഹാരം ഏറ്റെടുത്ത് ജയകൃഷ്ണൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരപ്പന്തൽ പൊളിച്ചുനീക്കിയതിൽ വൻ പ്രതിഷേധം. സമരക്കാർക്ക് പിന്തുണയുമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പന്തൽ പുനഃസ്ഥാപിച്ചതിനെ ചൊല്ലി പൊലീസുമായി ഏറെനേരം വാക്കേറ്റമുണ്ടായെങ്കിലും സംഘർഷാവസ്ഥ ഒഴിവായി.

സമരത്തിന് നേതൃത്വം നൽകിയ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറി എസ്. വളർമതിയെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വളർമതിക്കു പകരം ഉദ്യോഗാർഥി എം. ജയകൃഷ്ണൻ നിരാഹാരം ആരംഭിച്ചിട്ടുണ്ട്.

സമരപ്പന്തൽ പൊളിച്ചുമാറ്റാനാവശ്യപ്പെട്ട് രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെന്നാണ് കന്‍റോൺമെന്‍റ് പൊലീസിന്റെ വിശദീകരണം. ഇതിന് സമരക്കാർ തയാറാകാത്തതിനെ തുടർന്ന് ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് പൊലീസ് നടപടിയുണ്ടായത്.

നിരാഹാരം 17 ദിവസം പിന്നിട്ടതോടെ വളർമതിയുടെ ആരോഗ്യനില മോശമായിരുന്നു. ഡോക്ടറെത്തി പരിശോധിച്ചശേഷമാണ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രണ്ടാംതവണയാണ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റുന്നത്.

കഴിഞ്ഞ തവണ ആശുപത്രിയിൽനിന്നു മടങ്ങിയെത്തി നിരാഹാരം പുനരാരംഭിക്കുകയായിരുന്നു. സ്കൂളുകളിലെ വിദ്യാർഥി-അധ്യാപക അനുപാതം 1:25 ആക്കി കുറക്കണമെന്നതടക്കം ആവശ്യങ്ങളുയർത്തി അസോസിയേഷൻ നടത്തുന്ന സമരം 129 ദിവസം പിന്നിട്ടു.

രാത്രിയുടെ മറവിൽ നടത്തിയ ഈ അതിക്രമം ഒളിച്ചോട്ടത്തിന് തുല്യമാണെന്നും സമരക്കാരുടെ ന്യായമായ ആവശ്യങ്ങൾ കണ്ടറിയാൻ പോലും അധികാരികൾ തയാറായിട്ടില്ലെന്നും ഡി.വൈ.എഫ്‌.ഐ ആരോപിച്ചു. ഇന്ന് പോലീസ് നടപടിക്കെതിരെ കൂടുതല്‍ പ്രതിഷേധം ഉണ്ടാകാനാണ് സാധ്യതയുണ്ട്.

സെക്രട്ടേറിയറ്റിനു മുന്നിലെ എൽ.പി.എസ്.ടി സമര പന്തലിൽ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചും സമരപ്പന്തൽ പുനഃസ്ഥാപിച്ചു സമരം തുടരുന്ന ഉദ്യോഗാർഥികൾക്ക് അഭിവാദ്യമർപ്പിച്ചും ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പ്രകടനം നടത്തി.

സി.പി.എം നേതാക്കളായ പി.കെ. ബിജു, സി.എസ്. സുജാത, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ അഡ്വ. ആർ. രാഹുൽ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി. അനൂപ്, ജില്ല സെക്രട്ടറി എൽ.എസ്. ലിജു, പ്രസിഡന്റ് വി.എസ്. ശ്യാമ, ട്രഷറർ എസ്.എസ്. നിതിൻ തുടങ്ങിയവർ പങ്കെടുത്തു.

അതേസമയം, വളർമതിയെ തിരികെ സമരപ്പന്തലിൽ എത്തിക്കുന്നത് വരെ നിരാഹാര സമരം നടത്തു​മെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി. മനുപ്രസാദ് അറിയിച്ചു. തിരുവനന്തപുരം സിറ്റി ജില്ല അധ്യക്ഷൻ കെ. വിഷ്ണു നിരാഹാരം തുടങ്ങി. ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കുന്നത് വരെ യുവമോർച്ച തെരുവിൽ തന്നെയുണ്ടാകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.