ഷുഗർ ഉണ്ടെങ്കിലും മധുരമുള്ള ചായ കുടിച്ചോളൂ; പിന്നെ എന്ത് ഒഴിവാക്കണം, അറിയാം

നമ്മുടെ നാട്ടിൽ പ്രമേഹ രോഗികൾ വളരെ കൂടുതലാണ്. കുട്ടികളിൽ പോലും രോഗം കൂടുന്നുണ്ട്. അതുകൊണ്ടുതന്നെ മധുരമില്ലാത്ത ചായയും കാപ്പിയും തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. ചിലർ “എനിക്ക് ഷുഗറുണ്ട്, മധുരം വേണ്ട” എന്ന് പറയും. മറ്റു ചിലരാകട്ടെ, ഷുഗർ വരാതിരിക്കാൻ ചായയിൽ മധുരം ഒഴിവാക്കും. എന്നിട്ടോ? ചായയ്ക്ക് കടിയായി രണ്ട് എണ്ണപ്പലഹാരം കഴിക്കും! എന്നാൽ ഷുഗർ നിയന്ത്രിക്കാൻ ഇത്തരത്തിൽ മധുരമുള്ള ചായ പൂർണമായി ഒഴിവാക്കേണ്ടതില്ലെന്ന് ‘മൈ ഷുഗർ ക്ലിനിക്കി’ന്റെ സ്ഥാപകരിലൊരാളായ ഡോ. പി. ഷംനാദ് പറയുന്നു. നമ്മുടെ രുചി താൽപ്പര്യത്തിനനുസരിച്ച് മധുരമുള്ള ചായ തന്നെ കുടിക്കാം.

അൽപ്പം മധുരം ചായയിൽനിന്ന് ഒഴിവാക്കി എണ്ണക്കടികളും പലഹാരങ്ങളും കഴിക്കുമ്പോൾ, നമ്മൾ ചായയിൽനിന്ന് ഒഴിവാക്കുന്നതിന്റെ പതിൻമടങ്ങ് പഞ്ചസാരയാണ് നമ്മുടെ ശരീരത്തിൽ എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മധുരം ഒഴിവാക്കുന്നതുകൊണ്ട് മാത്രം കാര്യമില്ല, ശരീരത്തിലെത്തുന്ന കാലറിയാണ് പ്രധാനം. ചായയിൽ പഞ്ചസാരയിട്ടാൽ 15 കാലറിയാണ് അധികം വരിക. എന്നാൽ ഒരു എണ്ണക്കടി കഴിക്കുമ്പോൾ 300 കാലറി വരെ നമ്മുടെ ശരീരത്തിൽ എത്തും. അപ്പോൾ രണ്ട് അതിൽ കൂടുതലും എണ്ണക്കടികൾ കഴിച്ചാൽ എത്ര കാലറിയാകും? എന്നാൽ ഒരു ഫുൾ ബിഫ് ബിരിയാണിയിൽ 400 കാലറിയാണ് അടങ്ങിയിരിക്കുന്നത്. എണ്ണക്കടികളിൽ നിയന്ത്രിക്കാതെ ചായയിൽ മധുരം മാത്രം ഒഴിവാക്കുന്നതിൽ ഒരു അർത്ഥവുമില്ല. അതിനാൽ ചായ അന്തസ്സായി മധുരമിട്ട് കുടിക്കൂ എന്ന് ഡോ. ഷംനാദ് പറയുന്നു.

നാം കഴിക്കുന്ന എണ്ണക്കടികൾ, ബിസ്കറ്റുകൾ, ലെയ്സ് തുടങ്ങിയവയിൽ ധാരാളം കാർബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ നിയന്ത്രിക്കാതെ ഷുഗർ നിയന്ത്രണം സാധ്യമാകില്ല. ഭക്ഷണത്തിലെ കാലറി നിയന്ത്രിക്കുക എന്നതാണ് പ്രധാനം. അതിന് നമ്മൾ പാക്കറ്റ് ഭക്ഷണങ്ങളിലെയും പാനീയങ്ങളിലെയും മധുരം ഒഴിവാക്കണം. ജീവിതശൈലിയിൽ മാറ്റം വരുത്തി, കാലറി നിയന്ത്രിച്ച് ഭക്ഷണം കഴിച്ച് എങ്ങനെ ആരോഗ്യകരമായി ജീവിക്കാം എന്ന് പഠിക്കാൻ ‘ഷുഗർ എക്സിബിഷനു’മായി കോഴിക്കോട്ട് എത്തിയിരിക്കുകയാണ് മൈ ഷുഗർ ക്ലിനിക്ക് (mySugarClinic).

നാം കഴിക്കുന്ന ഭക്ഷണത്തിൽ എത്രത്തോളം പഞ്ചസാരയും ഉപ്പും അടങ്ങിയിട്ടുണ്ട്? പ്രോട്ടീൻ റിച്ച് പരസ്യങ്ങളുള്ള പ്രോട്ടീൻ ഉൽപ്പന്നങ്ങളിൽ എത്രത്തോളം പ്രോട്ടീൻ ഉണ്ട്? ഭക്ഷണത്തിന്റെ പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പോഷകവിവരങ്ങൾ എങ്ങനെ വായിക്കണം? ഇത്തരം ചോദ്യങ്ങൾക്ക് പ്രായോഗികമായ മറുപടി നൽകുന്നതിനായി mySugarClinic സംഘടിപ്പിക്കുന്ന ‘ഷുഗർ എക്സ്പോ 2026’ നവംബർ 14, 15 തീയതികളിൽ കോഴിക്കോട് ഭട്ട് റോഡ് ബീച്ചിലെ ബ്ലിസ് പാർക്കിൽ നടക്കും. വൈകിട്ട് 3:30 മുതൽ രാത്രി 9 മണി വരെയാണ് പ്രദർശനം.

ലോക പ്രമേഹദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ പ്രദർശനം ഭക്ഷണത്തിലെ ഒളിഞ്ഞിരിക്കുന്ന പഞ്ചസാര, അമിതമായ ഉപ്പിന്റെ ഉപയോഗം, തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യ അവകാശവാദങ്ങൾ, അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ വർധിച്ചുവരുന്ന ഉപയോഗം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. സമീകൃതാഹാരം എങ്ങനെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാം എന്ന് പരിചയപ്പെടുത്തുന്ന ‘മാജിക് പ്ലേറ്റ്’ ആശയവും പ്രദർശനത്തിലെ പ്രധാന ആകർഷണമായിരിക്കും.