‘സാംസ്കാരികനായിക’ എന്ന തെറിവാക്ക് എന്നെ വിളിക്കരുത്; മാധ്യമങ്ങളോട് അഭ്യർഥനയുമായി സാറാ ജോസഫ്

‘സാംസ്കാരിക നായിക’ എന്ന വാക്കുപയോഗിച്ച് തന്നെ വിശേഷിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർഥിച്ച് എഴുത്തുകാരി സാറാ ജോസഫ്. താൻ ഒരു എഴുത്തുകാരി മാത്രമാണെന്നും ‘സാംസ്കാരിക നായിക’ എന്ന വിശേഷണം തനിക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണെന്നും അവർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

‘എന്റെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടിട്ടുള്ളതും ഞാൻ സ്വീകരിച്ചിട്ടില്ലാത്തതുമായ സാംസ്കാരിക നായിക എന്ന പൊല്ലാപ്പിൽ നിന്ന് ദയവായി എന്നെ ഒഴിവാക്കണം. ഞാൻ ഒരു എഴുത്തുകാരി മാത്രമാണ്’ — സാറാ ജോസഫ് കുറിച്ചു.

ഏതൊരു സമൂഹജീവിയെയും പോലെ തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഉറക്കെ പറഞ്ഞിട്ടുണ്ടെന്നും കൂട്ടായ പ്രസ്താവനകളിൽ ബോധ്യപ്പെടുന്ന കാര്യങ്ങളോട് യോജിച്ചാണ് ഒപ്പിടാറുള്ളതെന്നും അവർ വ്യക്തമാക്കി. ശരിയെന്ന് തോന്നുന്നതും ബോധ്യപ്പെടുന്നതുമായ കാര്യങ്ങളിൽ മാത്രമാണ് അത്തരത്തിൽ നിലപാട് സ്വീകരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.

‘സാംസ്കാരിക നായിക’ എന്ന പ്രയോഗം ഇന്ന് തെറിവാക്കായാണ് ഉപയോഗിക്കപ്പെടുന്നതെന്നും മാധ്യമസുഹൃത്തുക്കൾ ഇത്തരത്തിൽ തന്നെ വിശേഷിപ്പിക്കരുതെന്നും സാറാ ജോസഫ് അഭ്യർഥിച്ചു. താൻ ഒന്നിന്റെയും നായികയല്ലെന്നും എഴുത്തുകാരി എന്ന നിലയിൽ മാത്രം അറിയപ്പെട്ടാൽ മതിയെന്നും അവർ വ്യക്തമാക്കി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

പ്രിയരേ,പ്രിയ മാധ്യമസുഹൃത്തുക്കളേ, എൻ്റെ മേൽ അടിച്ചേല്പിക്കപ്പെട്ടിട്ടുള്ളതും ഞാൻ സ്വീകരിച്ചിട്ടില്ലാത്തതുമായ”സാംസ്കാരിക നായിക”എന്ന പൊല്ലാപ്പിൽ നിന്ന് ദയവായി എന്നെ ഒഴിവാക്കണം.

ഞാൻ ഒരു എഴുത്തുകാരി മാത്രമാണ്.ഏതൊരു സമൂഹജീവിയെയും പോലെ എനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങൾ ഉറക്കെ പറഞ്ഞിട്ടുണ്ട്. കൂട്ടഒപ്പിടീക്കൽ പ്രസ്ഥാനക്കാർ കൊണ്ടുവരുന്ന പ്രസ്താവനകൾ ബോധ്യപ്പെട്ടാൽ അവരോട് ഐക്യപ്പെട്ട് ഒപ്പിടാറുണ്ട്.(ശരിയെന്ന് തോന്നുന്നത് മാത്രം.ബോധ്യപ്പെടുന്നത് മാത്രം.)

മാധ്യമസുഹൃത്തുക്കളെങ്കിലും എന്നെ”സാംസ്കാരികനായിക” എന്ന തെറിവാക്ക് (ഇന്ന് അത് അങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്നറിയാമല്ലോ.)വിളിയ്ക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഞാൻ ഒന്നിൻ്റെയും നായികയല്ല.