ജി.ഐ.ഒ ഇന്റർനാഷനൽ കോൺഫറൻസ് ഓൺ വിമൻ ഇന്ന് കൊച്ചിയിൽ

കൊച്ചി: ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഇന്റർനാഷനൽ കോൺഫറൻസ് ഓൺ വിമൻ’ മുജാദില സ്ക്വയറിൽ (രാജേന്ദ്ര മൈതാനം) ഞായറാഴ്ച നടക്കും. രാവിലെ 9.30ന് ഗുജറാത്ത് വംശഹത്യ അതിജീവിത ബിൽക്കീസ് ബാനു ഉദ്ഘാടനം ചെയ്യും.
തുർക്കിയ ഇബ്നു ഹെയ്ദൻ യൂനിവേഴ്സിറ്റി അസി. പ്രഫ. ഹിബ റൗഫ് ഇസ്സത്ത് മുഖ്യപ്രഭാഷണം നടത്തും. നാല് വേദികളിൽ 15 സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ 40 പ്രമുഖരും 800 പ്രതിനിധികളും പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ 25ലധികം പ്രബന്ധ അവതരണങ്ങളുമുണ്ടാകും. ജി.ഐ.ഒ ആഗസ്റ്റ് 20 മുതൽ നടത്തുന്ന ‘ബിയിങ്, ബികമിങ്, ബിലോങ്ങിങ്’ കാമ്പയിനിന്റെ ഭാഗമായാണ് പരിപാടി.
കേംബ്രിഡ്ജ് സർവകലാശാല ഗവേഷക ദാലിയ സലേ, ഫലസ്തീൻ എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ റീം മഹ്മൂദ് അൽ ഹദ്ദാദ്, ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ വിദ്യാർഥി നേതാവ് നൗഷീൻ ഫാറൂഖ്, ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി എ. റഹ്മത്തുന്നിസ, ഇംഗ്ലണ്ട് ലീഡ്സ് സർവകലാശാല പ്രഫ. ഷഹീൻ കെ. മൊയ്തുണ്ണി, ഡോ. ശിൽപ ദാസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സ് കേരള ചാപ്റ്റർ ചെയർപേഴ്സൺ മോണോലിത ചാറ്റർജി, സീനിയർ പ്രോഡക്റ്റ് ഡിസൈനർ തന്യ പ്രസാദ്, സ്റ്റുഡിയോ റീസൈക്കിൾ ബിൻ സ്ഥാപക സി. ഗംഗ ദിലീപ്, സുമയ്യ ഫാത്തിമ, മാധ്യമ പ്രവർത്തക എം. ജിഷ, തടവിൽ കഴിയുന്ന സക്കരിയയുടെ മാതാവ് ബിയുമ്മ, സഹോദരി ബുഷ്റ, റൈഹാന കാപ്പൻ, സാമൂഹിക പ്രവർത്തകയും സോഷ്യൽ സയൻസ് ഗവേഷകയുമായ ഡോ. കെ. നൂർജഹാൻ തുടങ്ങിയവർ പങ്കെടുക്കും.
സമാപന സമ്മേളനം രാത്രി 8.20ന് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യു.കെ. കോവൻട്രി സർവകലാശാല പ്രഫ. സാരിയ ചെറുവള്ളിൽ, ജമാഅത്തെ ഇസ്ലാമി കേരളം അമീർ പി. മുജീബ് റഹ്മാൻ എന്നിവർ സംസാരിക്കും.
തുടർന്ന് പിന്നണി ഗായിക ദാനാ റാസിഖിന്റെ സംഗീതവിരുന്ന്. വാർത്തസമ്മേളനത്തിൽ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് കെ. ഷിഫാന, ജനറൽ സെക്രട്ടറി റിസ്വാന ഷെറിൻ, വൈസ് പ്രസിഡന്റുമാരായ ആഷിഖ ഷെറിൻ, ലുലു മർജാൻ, മീഡിയ കൺവീനർ സി.എം. റഫീയ എന്നിവർ പങ്കെടുത്തു.
