'മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്ക് അംഗീകരിക്കില്ല'; നിയന്ത്രണം സാംസ്കാരിക വകുപ്പ് ഏറ്റെടുക്കണമെന്ന് സിപിഐ

തിരുവനന്തപുരം: തലസ്ഥാനത്തെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്കേർപ്പെടുത്താനുള്ള കോർപ്പറേഷൻ നടപടി നീതീകരിക്കാനാകില്ലെന്ന് സി.പി.ഐ തിരുവനന്തപുരം ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ. സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളെയും കലയെയും സാഹിത്യത്തെയും ഭയപ്പെടുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും വേട്ടയാടുന്ന രാജ്യവ്യാപകമായ ബി.ജെ.പി നയങ്ങൾ തലസ്ഥാനത്തും നടപ്പാക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഈ നീക്കം പ്രബുദ്ധരായ തലസ്ഥാനവാസികൾ അംഗീകരിക്കില്ല. മാനവീയം വീഥിയെ ഒരു സാംസ്കാരിക കേന്ദ്രമായിത്തന്നെ നിലനിർത്തണമെന്നും കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കും വീഥി വിട്ടു നൽകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മാനവീയം വീഥിയുടെ സാംസ്കാരിക മുഖം സംരക്ഷിക്കാൻ സാംസ്കാരിക പ്രവർത്തകർ നടത്തുന്ന എല്ലാ പോരാട്ടങ്ങൾക്കും സി.പി.ഐ പിന്തുണ പ്രഖ്യാപിച്ചു. പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരമായി സാംസ്കാരിക വകുപ്പ് മാനവീയം വീഥിയുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുക്കണമെന്നും മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
